കേസ് ഒതുക്കാൻ കൈക്കൂലി ; ഇഡി ഉദ്യോഗസ്ഥൻ ഓഹരി വാങ്ങിയത് അച്ഛന്റെ പേരിൽ

കൊച്ചി
കേസ് ഒതുക്കാൻ കൊല്ലത്തെ കശുവണ്ടി വ്യവസായിയിൽനിന്ന് ഇഡി ഏജന്റുമാർ കൈക്കൂലി വാങ്ങിയ കേസിലെ ഒന്നാംപ്രതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാർ ഓഹരികൾ കൂടുതലായും വാങ്ങിക്കൂട്ടിയത് അച്ഛന്റെയും ഭാര്യയുടെയും പേരിൽ. ശേഖർകുമാറിന്റെ ഡീമാറ്റ് അക്കൗണ്ട് പരിശോധിച്ചാണിത് കണ്ടെത്തിയത്. ഭാര്യയുടെയും അച്ഛന്റെയും ഡീമാറ്റ് അക്കൗണ്ടുകളും അന്വേഷകസംഘം പരിശോധിക്കും. തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഇരുവരുടെയും മൊഴി വിജിലൻസ് രേഖപ്പെടുത്തും.
ബന്ധുക്കളുടെ പേരിലും ശേഖർകുമാർ ഓഹരി വാങ്ങിക്കൂട്ടി. മറ്റു ബിനാമി പേരുകളിൽ ഓഹരികൾ വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ശേഖർകുമാർ വിവിധ കമ്പനികളുടെ നാലുകോടിയോളം രൂപയുടെ ഓഹരികൾ വാങ്ങിയതായി തെളിവ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യംചെയ്യാനാണ് നീക്കം.
കേസിൽ ശേഖർകുമാറിനെ രണ്ടുതവണയാണ് വിജിലൻസ് ചോദ്യംചെയ്തത്. സർക്കാർ ഉദ്യോഗസ്ഥനായ ഒരാൾ എങ്ങനെയാണ് കോടികളുടെ ഓഹരി ഇടപാടുകൾ നടത്തിയതെന്ന സംശയത്തിലാണ് വിജിലൻസ്.
ഇഡി രജിസ്റ്റർ ചെയ്ത മറ്റ് കേസുകളിലും ശേഖർകുമാർ കൈക്കൂലി ഇടപാടുകൾ നടത്തിയിട്ടുണ്ടാകാമെന്നു സംശയിക്കുന്നു.
കശുവണ്ടിവ്യവസായിക്കെതിരെ ഇഡി എടുത്ത കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസ് ഒതുക്കാൻ കൊച്ചിയിലെ ഏജന്റുമാർ മുഖേന രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് ശേഖർകുമാറിനെതിരെ വിജിലൻസ് കേസെടുത്തത്.









0 comments