ശേഖർകുമാറിനെ വിജിലൻസ് വീണ്ടും ചോദ്യംചെയ്‌തു

കൊച്ചി
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അസിസ്റ്റന്റ് ഡയറക്ടർ ശേഖർകുമാറിനെ രണ്ടാംദിവസവും എറണാകുളം വിജിലൻസ് മധ്യമേഖല ആസ്ഥാനത്ത് ചോദ്യംചെയ്‌തു. ഇഡിക്കുവേണ്ടി കശുവണ്ടിവ്യവസായിയിൽനിന്ന് ഏജന്റുമാർ കൈക്കൂലി വാങ്ങിയ കേസിലെ ഒന്നാംപ്രതിയാണ് ശേഖർകുമാർ. രണ്ടാംദിവസവും ശേഖർകുമാർ വിജിലൻസിന്റെ ചോദ്യങ്ങളോട് തൃപ്‌തികരമായി പ്രതികരിച്ചില്ല.
രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ ശേഖർകുമാർ രജിസ്റ്ററിൽ ഒപ്പിടാൻ തയ്യാറായില്ല. ഒപ്പമുണ്ടായിരുന്ന അഭിഭാഷകനാണ് ഒപ്പിട്ടത്. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചില്ല. വ്യക്തമായ മറുപടികളും ക്രൈംബ്രാഞ്ചിന് നൽകിയില്ല. വിശദമായ ചോദ്യംചെയ്യലിന് വീണ്ടും ഹാജരാകണമെന്ന് നിർദേശിച്ച് വൈകിട്ട് 5.30ന് വിജിലൻസ് എസ്‌പി എസ് ശശിധരൻ അദ്ദേഹത്തെ വിട്ടയച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി കതൃക്കടവിലെ വിജിലൻസ് മധ്യമേഖല ആസ്ഥാനത്ത് 13 മണിക്കൂർ അദ്ദേഹത്തെ ചോദ്യംചെയ്‌തു. കൂടുതൽ തെളിവുകൾ ലഭിച്ചതിനാൽ, അടുത്ത ദിവസത്തെ ചോദ്യംചെയ്യലിനുശേഷം അറസ്‌റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.
കശുവണ്ടിവ്യവസായിക്കെതിരെ ഇഡി എടുത്ത കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കേസ് ഒതുക്കാൻ കൊച്ചിയിലെ ഏജന്റുമാർ മുഖേന രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്ന പരാതിയിലാണ് ശേഖർകുമാറിനെതിരെ വിജിലൻസ് കേസെടുത്തത്. ഇഡി ഏജന്റുമാരായ വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുരളികുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യർ എന്നിവരെ നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു.









0 comments