ബഹിരാകാശ ശാസ്‌ത്രജ്ഞൻ ഇ വി ചിറ്റ്‌നിസ്‌ അന്തരിച്ചു

print edition തുമ്പയിൽനിന്ന്‌ ബഹിരാകാശത്തേക്ക്‌ 
പാലം തീർത്ത പ്രതിഭ

e v chitnis demise
വെബ് ഡെസ്ക്

Published on Oct 23, 2025, 03:38 AM | 1 min read


തിരുവനന്തപുരം

അഹമ്മദാബാദ്‌ ഫിസിക്കൽ റിസർച്ച്‌ ലാബിൽ ഗവേഷണത്തിനെത്തിയ ഇ വി ചിറ്റ്‌നിസിനെ ഇന്ത്യൻ ബഹിരാകാശ പദ്ധതിരൂപീകരണ ടീമിലേക്ക്‌ വഴിതിരിച്ചുവിട്ടത്‌ വിക്രം സാരാഭായ്‌ ആണ്‌. ​ഓൾ ഇന്ത്യ റേഡിയോയിലെ ഗസറ്റഡ്‌ ജോലി വേണ്ടെന്നുവച്ചെത്തിയ ആ യുവാവിന്റെ നിശ്ചയദാർഢ്യവും ഫിസിക്സിലും ഇലക്‌ട്രോണിക്‌സിലുമുള്ള അറിവുമാണ്‌ അദ്ദേഹത്തെ ആകർഷിച്ചത്‌. അന്ന്‌ സാരാഭായ്‌ കണ്ടെത്തിയ ശാസ്‌ത്രജ്ഞനാണ്‌ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ നാഴികക്കല്ലായ തുന്പയിലെ റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രത്തിനുള്ള സ്ഥലം കണ്ടെത്തിയത്‌.

കോസ്‌മിക്‌ കിരണങ്ങളിൽ കൂടുതൽ ഗവേഷണങ്ങൾക്കായി അമേരിക്കയിൽ പോയിമടങ്ങിയെത്തിയ ചിറ്റ്‌നിസ്‌ ഫിസിക്‌സ്‌ റിസർച്ച്‌ ലാബിൽ പ്രൊഫസറായി.


e v chitnis demise


ബഹിരാകാശ പദ്ധതിക്ക്‌ തുടക്കമിട്ട്‌ 1962ൽ ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സപേസ് റിസർച്ച്‌ (ഇൻകോസ്‌പാർ) രൂപീകരിച്ചപ്പോൾ അതിന്റെ സെക്രട്ടറിയായും നിയമിതനായി. ചെയർമാനായ സാരാഭായിയുടെ നിർദേശപ്രകാരം കേരളത്തിലെത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി സ്ഥലപരിശോധനയ്‌ക്കും പഠനത്തിനും ശേഷമാണ്‌ തുമ്പ തെരഞ്ഞെടുത്തത്‌. ഭ‍ൂമിശാസ്‌ത്ര പ്രത്യേകതകളാണ്‌ ഇതിന്‌ കാരണമായത്‌. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. തുമ്പയിൽനിന്ന്‌ ആദ്യമായി നിക്കി അപ്പാച്ചെ എന്ന സ‍ൗണ്ടിങ്‌ റോക്കറ്റ്‌ വിക്ഷേപിച്ച്‌ അദ്ദേഹം വിസ്‌മയിപ്പിച്ചു.


സ്‌പേയ്‌സ്‌ സയൻസ്‌ ആൻഡ്‌ ടെക്‌നോളജി സെന്ററിന്‌ വേളിയിലും വിപുലമായ വിക്ഷേപണകേന്ദ്രത്തിന്‌ ശ്രീഹരിക്കോട്ടയിലും സ്ഥലം കണ്ടെത്തുന്നതിനും ചിറ്റ്‌നിസ്‌ നേതൃത്വം നൽകി. സാരാഭായിക്കൊപ്പം പദ്ധതി രൂപീകരണത്തിനും നിർവഹണത്തിനും മുഖ്യപങ്കാളിയായി. തുടർന്ന്‌ ഐഎസ്‌ആർഒയുടെ രൂപീകരണത്തിലും നാസയുടെ സഹായത്തോടെ ഉപഗ്രഹാധിഷ്ഠിത ടെലിവിഷൻ സംപ്രേഷണ പരീക്ഷണ പദ്ധതിയിലും ചുമതലക്കാരനായി. പിടിഐയുടെ പ്രസിഡന്റായിരുന്ന കാലത്ത്‌ ശാസ്‌ത്ര മാധ്യമപ്രവർത്തനത്തിനും ശാസ്‌ത്രപ്രചാരണത്തിനും മുഖ്യപരിഗണന നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home