ഇ–സിമ്മിലേക്ക് മാറാൻ വിളിവരും, സൂക്ഷിച്ചില്ലേൽ പണം പോക്കാ

തിരുവനന്തപുരം
പ്രമുഖ ടെലികോം കമ്പനികളുടെ മൊബൈൽ സിം, ഇ-–സിം സംവിധാനത്തിലേക്ക് മാറ്റാനാണെന്ന് പറഞ്ഞ് കസ്റ്റമർ കെയർ സെന്ററുകളുടെപേരിൽ വരുന്ന ഫോൺ കോളുകളെ കരുതിയിരിക്കണമെന്ന് പൊലീസ്. ഇതിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി സാമ്പത്തികത്തട്ടിപ്പ് നടത്തുകയാണ് ലക്ഷ്യം.
തന്ത്രപരമായി ഇ–സിം എടുക്കുന്നതിനായി ഇരയെ സമ്മതിപ്പിക്കുകയും ഇ–സിം ആക്ടിവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അപേക്ഷ സ്വീകരിക്കുന്നതോടെ ഇരയുടെ സിം കാർഡിന് നെറ്റ്‌വർക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ–-സിം പ്രവർത്തനക്ഷമമാകും. ഇതോടെ കോളുകൾ, മെസേജുകൾ, ഒടിപി മുതലായവ തട്ടിപ്പുകാർക്ക് ലഭിക്കും. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കും. ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിക്കുകയോ ഇരയാവുകയോ ചെയ്താൽ പരമാവധി ഒരുമണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേന സൈബർ പൊലീസിനെയോ അറിയിക്കണം.
എന്താണ് ഇ–സിം
ഇ–സിം ഒരു ഡിജിറ്റല്‍ സിം കാര്‍ഡാണ്. അതിലേക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടെലികോം ഓപ്പറേറ്ററുടെ പ്ലാന്‍ ആക്ടിവേറ്റ് ചെയ്‌തെടുക്കാം. ഒരു സാധാരണ സിമ്മില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സാങ്കേതികവിദ്യ ഫോണിൽത്തന്നെ ഉൾപ്പെടുത്തുന്നതാണ് രീതി.
സിം കാര്‍ഡിലെ ചിപ്പ് ഫോണിന്റെ ഉള്ളിൽത്തന്നെ ഘടിപ്പിക്കുന്നു. സാധാരണ സിം കാര്‍ഡിന്റെ കാര്യത്തിലെന്നപോലെ ഒരു ടെലികോം സേവനദാതാവില്‍നിന്ന് മറ്റൊന്നിലേക്ക് മാറുകയും ചെയ്യാം. നിലവിൽ വിലകൂടിയ ചില മൊബൈൽ ഫോണുകളിൽമാത്രമേ ഈ സേവനം ഉള്ളൂ.









0 comments