ഗുരുപൂജ; അപലപിച്ച് ഡിവൈഎഫ്‌ഐയും ബാലസംഘവും

അപലപനീയം: ഡിവൈഎഫ്‌ഐ
ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചില സ്കൂളുകളിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നത്. കേന്ദ്ര സർക്കാരിന് കീഴിൽ , ആർഎസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണ്.
കാസർകോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തിലും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാവേലിക്കര സ്കൂളിൽ നൂറിലധികം അധ്യാപകരുടെ കാലുകളാണ് ഗുരുപൂജയുടെ പേരിൽ കഴുകിച്ചത്.
വിദ്യാർഥികളിൽ ശാസ്ത്ര ബോധവും അറിവും വളർത്തേണ്ട സ്കൂളുകൾ ജീർണമായ വ്യവസ്ഥിതിയിലേക്കും അടിമത്തത്തിലേക്കും നയിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ വിമോചനമൂല്യം ഇല്ലാതാക്കാനാണ്. അവർണർക്ക് അക്ഷരം നിഷേധിച്ച സവർണാധിപത്യത്തിനെതിരെ പോരാടി നേടിയ വിദ്യാഭ്യാസ അവകാശത്തെ ഒരാളുടേയും കാൽപ്പാദങ്ങളിൽ സമർപ്പിക്കരുതെന്ന മനുഷ്യാവകാശ പാഠമാണ് കുട്ടികൾ പഠിക്കേണ്ടത്.
ഇത്തരം പരിപാടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കരുതെന്നും ഈ പരിപാടി സംഘടിപ്പിച്ച മുഴുവൻ ആളുകൾക്കെതിരെയും കർശനമായ നിയമ–-- അച്ചടക്ക നടപടിയെടുക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
നിവർന്നു നിൽക്കാനുള്ള കരുത്താണ് കുട്ടികൾക്ക് നൽകേണ്ടത്: ബാലസംഘം
ആധുനിക മനുഷ്യരായി കുട്ടികളെ രൂപപ്പെടുത്തിയെടുക്കാനുള്ള അന്തരീക്ഷമാണ് ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടാകേണ്ടതെന്ന് ബാലസംഘം സംസ്ഥാന കമ്മിറ്റി. പുരാതനകാലത്തുനിന്ന് നാം കുടഞ്ഞെറിഞ്ഞ സമ്പ്രദായങ്ങളെ തിരിച്ചുകൊണ്ടു വരാനുനുള്ള ശ്രമം വിദ്യാലയങ്ങൾക്കുള്ളിൽ നടക്കുന്നത് പരിഷ്കൃത സമൂഹം ചോദ്യം ചെയ്യണം. കാലു പിടിക്കുന്ന സംസ്കാരത്തിന്റെ ഭാഗമാക്കാനല്ല, നിവർന്നു നിന്ന് സംസാരിക്കാനുള്ള കരുത്താണ് കുട്ടികൾക്ക് നൽകേണ്ടത്. വിദ്യാഭ്യാസത്തിന്റെ ആധുനിക ലക്ഷ്യങ്ങളെ തുരങ്കം വയ്ക്കുന്നതും ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതുമായ പാദപൂജ ആധുനിക കേരളത്തിന് യോജിക്കുന്നതല്ല. ഇതിന് കുട്ടികളെ നിർബന്ധിക്കുന്ന സ്കൂളുകളെ പരിഷ്കൃത സമൂഹം തള്ളിക്കളയണമെന്നും ബാലസംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.









0 comments