ആറുകിലോ കഞ്ചാവും 2.26 ലക്ഷം രൂപയും പിടിച്ചു ; ഒരാൾ പിടിയിൽ

വടകര
വടകരയിൽ വാഹന പരിശോധനയ്‌ക്കിടെ എക്സൈസ് സംഘത്തിന്റെ വൻ ലഹരിവേട്ട. വാഹന പരിശോധനയിൽ 115 ഗ്രാം കഞ്ചാവുമായി പിടിയിലായ എറണാകുളം വാഴക്കാല കണ്ണാംമുറി വീട്ടിൽ ദിനേശന്റെ (62) മൊഴിപ്രകാരം മലപ്പുറം പുളിക്കലിൽ ഇയാൾ താമസിക്കുന്ന വീട്ടിൽനിന്ന് 5.95 കിലോ കഞ്ചാവും 2,26,500 രൂപയും പിടിച്ചു.
വടകര എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി ആർ ഹിരോഷിന്റെ നേതൃത്വത്തിൽ ശനി ഉച്ചക്ക് നടന്ന പരിശോധനയിൽ അഴിയൂർ വേണുഗോപാല ക്ഷേത്രത്തിന് മുൻവശത്തുവച്ചാണ് ദിനേശൻ കഞ്ചാവുമായി പിടിയിലായത്. മാഹി റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി അഴിയൂർ ഭാഗത്തേക്ക് കഞ്ചാവ് വിൽക്കാനായി നടന്നുപോകുകയായിരുന്നു. നേരത്തെയും കഞ്ചാവ് കേസിൽ അറസ്‌റ്റിലായിട്ടുള്ളതിനാൽ സംശയംതോന്നി പരിശോധിക്കുകയായിരുന്നു. ചോദ്യംചെയ്തപ്പോഴാണ് മലപ്പുറം കൊണ്ടോട്ടിക്കടുത്തുള്ള താമസസ്ഥലത്ത് വൻ കഞ്ചാവ് ശേഖരമുണ്ടെന്ന് വിവരം ലഭിച്ചത്.
രാത്രിയോടെ പുളിക്കലിലെ വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കഞ്ചാവും പണവും കണ്ടെത്തി. ആദ്യം ഇയാൾ വീടിന്റെ സ്ഥലം കൃത്യമായി പറഞ്ഞുകൊടുക്കാതെ എക്‌സൈസിനെ വട്ടംകറക്കാൻ ശ്രമിച്ചു. ഭാര്യയുടെ ഫോൺ നന്പർ വാങ്ങി സൈബർ സെൽ സഹായത്തിലാണ് വീട് കണ്ടെത്തിയത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ എത്തിക്കുന്ന കഞ്ചാവ് പുളിക്കലിലെ വീട്ടിൽ ശേഖരിച്ച് സമീപ ജില്ലകളിൽ വിൽക്കുകയാണ് രീതി.









0 comments