'കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കാറുണ്ട്'; ഓടിയത് ഗുണ്ടകളെന്ന് കരുതി- ഷൈൻ

കൊച്ചി: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കാറുണ്ടെന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴി. ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ദിവസം മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്നും ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകളാണെന്ന് തെറ്റിദ്ധരിച്ച് ഇറങ്ങിയോടുകയായിരുന്നെന്നും ഷൈൻ ചോദ്യം ചെയ്യലിൽ പറഞ്ഞു.
12 ദിവസം കൂത്താട്ടുകുളത്തെ ലഹരിവിമുക്തി കേന്ദ്രത്തിൽ ചികിത്സതേടിയെന്നും അവിടെനിന്ന് ഇറങ്ങിപ്പോന്നെന്നും ഷൈൻ ടോം ചാക്കോ മൊഴി നൽകി. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ സുൽത്താനയുമായി ഷൈനിന് ബന്ധമുണ്ടെന്ന് വിവരം. ശനിയാഴ്ച നടന്ന ചോദ്യം ചെയ്യയിലാണ് തസ്ലിമയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത്.
ലഹരി പരിശോധനയ്‌ക്കിടെ ആഢംബര ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ ഷൈൻ ശനി രാവിലെ ചോദ്യം ചെയ്യലിന് ഹാജരായ ശേഷമാണ് നോർത്ത് പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. എൻഡിപിഎസ് 27, 29 ആക്ട് പ്രകാരം ലഹരി ഉപയോഗിച്ചതിനും ഉപയോഗിക്കാൻ പ്രേരിപ്പിച്ചതിനും ഗൂഡാലോചനയ്‌ക്കുമാണ് ഷൈനിനെതിരെ കേസെടുത്തത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.
ശനി രാവിലെ 10നാണ് ഷൈൻ നോർത്ത് പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. പിന്നീട് വൈദ്യപരിശോധനയ്‌ക്കായി എറണാകുളം ജനറൽ ആശുപത്രിയിലേയ്‌ക്ക് കൊണ്ടു പോയി. മയക്കുമരുന്ന് ഉപയോഗിച്ചോ എന്ന് കണ്ടെത്താൻ ഷൈനിന്റെ നഖത്തിന്റെയും മുടിയുടെയും സാമ്പിളുകൾ ശേഖരിച്ചു. വൈകിട്ട് അഞ്ചോടെ തിരികെ സ്‌റ്റേഷനിൽ എത്തിച്ച ശേഷം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.









0 comments