ഓണം വാരാഘോഷം: മനം കവര്‍ന്ന ഡ്രോണ്‍ ലൈറ്റ് ഷോയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് കാണികള്‍ക്ക് കാഴ്ചകളുടെ നവ്യാനുഭവം സമ്മാനിച്ച് ആകാശത്ത് ദൃശ്യവിസ്മയമൊരുക്കിയ ആയിരത്തോളം ഡ്രോണുകളുടെ ലൈറ്റ് ഷോ . യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് 250 അടി മുകളില്‍ രാത്രി 8.45 മുതല്‍ 9.15 വരെ നടക്കുന്ന മൂന്ന് ദിവസത്തെ ഡ്രോണ്‍ ലൈറ്റ് ഷോ ഞായറാഴ്ച സമാപിക്കും.
സ്റ്റേഡിയത്തിന് നാല് കിലോമീറ്റര്‍ ചുറ്റളവില്‍ ആകാശത്ത് വിരിഞ്ഞ നയനമനോഹര കാഴ്ചകള്‍ വിനോദസഞ്ചാരികള്‍ക്കും ഓണം ആഘോഷിക്കാന്‍ നഗരത്തിലെത്തിയ ആയിരക്കണക്കിന് പൊതുജനങ്ങള്‍ക്കും ഒരുപോലെ ആസ്വാദ്യകരമായി. എല്‍ഇഡി ലൈറ്റുകളാല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകളാണ് ലൈറ്റ് ഷോയുടെ ഭാഗമായത്.
നവകേരളത്തിന്‍റെ വികസനസ്വപ്നങ്ങളും കേരളത്തിന്‍റെ സാംസ്കാരിക തനിമയും പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു ഡ്രോണ്‍ ലൈറ്റ് ഷോ. പ്രത്യേക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുമിച്ചുയര്‍ന്ന ഡ്രോണുകളുടെ വെളിച്ചത്തില്‍ വാദ്യോപകരണങ്ങളായ ചെണ്ടയും കൊമ്പിന്‍റേയും അകമ്പടിയോടെ മഹാബലിയെ ആനയിക്കുന്ന ദൃശ്യത്തോടെയാണ് ലൈറ്റ് ഷോ ആരംഭിക്കുന്നത്. തുടര്‍ന്ന് വള്ളംകളി, ആയോധനകലയായ കളരിപ്പയറ്റ്, കേരളത്തിന്‍റെ തനത് നൃത്തരൂപമായ മോഹിനിയാട്ടം, സദ്യ തുടങ്ങിയവയും വര്‍ണവിസ്മയമം തീര്‍ത്തു.
വിഴിഞ്ഞം തുറമുഖവും ജടായു എര്‍ത്ത് സെന്‍ററും കഥകളിയും ആകാശത്ത് വിരിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂപവും ഓണാശംസകളും കേരള ടൂറിസത്തിന്‍റെ ലോഗോയും ഡ്രോണ്‍ വെളിച്ചമായി തെളിയുന്നതോടെയാണ് ലൈറ്റ് ഷോ പൂര്‍ത്തിയാകുന്നത്. തലസ്ഥാനത്ത് ആദ്യമായാണ് കേരള ടൂറിസത്തിന്‍റെ നേതൃത്വത്തില്‍ 1000 ഡ്രോണുകള്‍ ഉള്‍പ്പെടുന്ന ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓണം വാരാഘോഷങ്ങള്‍ക്ക് പുത്തന്‍ മാനവും കാണികള്‍ക്ക് മികച്ച കാഴ്ചാനുഭവവും ആസ്വാദ്യതയും സമ്മാനിക്കാന്‍ ഇതിലൂടെ സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോള മുന്‍നിര ഡ്രോണ്‍ ടെക്നോളജി കമ്പനിയായ ബോട്ട്ലാബ് ഡൈനാമിക്സാണ് ലൈറ്റ് ഷോ ഒരുക്കിയത്. 2022 ജനുവരി 29 ന് രാഷ്ട്രപതി ഭവനില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനായി 1,000 ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ലൈറ്റ് ഷോ സംഘടിപ്പിച്ചതിന്‍റെ റെക്കോര്‍ഡുള്ള കമ്പനിയാണ് ബോട്ട്ലാബ് ഡൈനാമിക്സ്.








0 comments