രാജന്റെ മൃതദേഹം കാത്ത ‘പോസ്‌റ്റ്‌മോർട്ടം ടേബിൾ’

പ്രമുഖ ഫോറൻസിക് വിദഗ്‌ധ 
ഡോ. ഷെർലി വാസു അന്തരിച്ചു

dr. shirly vasu
വെബ് ഡെസ്ക്

Published on Sep 05, 2025, 01:01 AM | 2 min read


കോഴിക്കോട്

കേരളത്തിലെ ആദ്യത്തെ വനിത ഫോറൻസിക് സർജൻ ഡോ. ഷെർലി വാസു (68) അന്തരിച്ചു. വ്യാഴം രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടർന്ന് കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും പകൽ 11.30ഓടെ മരിച്ചു. തൊടുപുഴയിലാണ്‌ ജനനം. കോഴിക്കോട്‌ മായനാട് നിർവൃതിയിലായിരുന്നുതാമസം.


ദീർഘകാലം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവിയും തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായിരുന്നു. സർക്കാർ സർവീസിൽനിന്ന്‌ വിരമിച്ചശേഷം മുക്കം കെഎംസിടി മെഡി. കോളേജ്‌ ആശുപത്രിയിൽ ഫോറൻസിക്‌ മേധാവിയായി സേവനമനുഷ്‌ഠിക്കുകയായിരുന്നു. നാൽപ്പാടി വാസു വധക്കേസ്, സൗമ്യ വധക്കേസ്, പെരുമൺ തീവണ്ടി അപകടം, മാറാട് കൊലക്കേസ്, തുടങ്ങിയ സംഭവങ്ങളിൽ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകി. പരേതരായ കെ പി വാസുവിന്റെയും സരസ്വതിയുടെയും മകളാണ്‌. 2001ൽ ഫോറൻസിക്‌ മെഡിസിനിൽ മേധാവിയായി. 2016ൽ വിരമിച്ചു.


ഭർത്താവ്: ഡോ. കെ ബാലകൃഷ്‌ണൻ (റിട്ട. മെഡിക്കൽ ഓഫീസർ ഗവ. ആശുപത്രി, നരിക്കുനി). മക്കൾ: നന്ദന (അധ്യാപിക), നിധിൻ (സോഫ്‌റ്റ്‌വെയർ എൻജിനിയർ). മരുമക്കൾ: അപർണ (എസ്ബിഐ), ഫൈസൽ (എൻജിനിയർ, ദുബായ്‌). സഹോദരങ്ങൾ: ഷെർസി വാസു (ഉപലോകായുക്ത), മാക്‌സ്‌വൽ വാസു (റിട്ട. എസ്ബിഐ മാനേജർ), പരേതയായ ഷൈനി വാസു (ജില്ലാ ജഡ്‌ജി). സംസ്‌കാരം വെള്ളി വെെകിട്ട് നാലിന് മാവൂർ റോഡ് സ്മൃതി പഥത്തിൽ.


രാജന്റെ മൃതദേഹം കാത്ത ‘പോസ്‌റ്റ്‌മോർട്ടം ടേബിൾ’

ഡോ. ഷെർലി വാസുവിന്റെ ടേബിളിലെത്തിയ ഓരോ മൃതദേഹവും നിഗൂഢതകളുടെയും നിസ്സഹായതയുടെയും ജീവിത ചിത്രങ്ങളായിരുന്നു. ശരീരം മാത്രമല്ല, പോസ്‌റ്റ്‌മോർട്ടം നൽകുന്ന കണ്ടെത്തലുകളിലൂടെ അവരുടെ ജീവിതവും ഇ‍ൗ പൊലീസ്‌ സർജന്റെ ഓർമകളിൽ മായാതെനിന്നു. ആ അനുഭവങ്ങളും ഓർമകളും ചേർത്ത്‌ ഡോ. ഷെർലി വാസു എഴുതിയ ‘പോസ്‌റ്റ്‌മോർട്ടം ടേബിൾ’ പുസ്‌തകം മരണത്തിനും ജീവിതത്തിനുമിടയിലെ ഫോറൻസിക്‌ സർജന്റെ കണ്ടെത്തലുകളെ ചേർത്തുവയ്‌ക്കുന്നു.


ഷെർലി വാസു കീറിമുറിച്ച മൃതദേഹങ്ങളിൽ സാധാരണക്കാരുണ്ട്‌, പ്രശസ്‌തരുണ്ട്‌, അജ്ഞാതരുണ്ട്‌. എങ്കിലും ആ ടേബിളിൽ ഇനിയും എത്താതെ പോയതും എത്തണമെന്ന്‌ ആഗ്രഹിച്ചതുമായ ഒന്നുണ്ട്‌. അത്‌ അടിയന്തരാവസ്ഥാ കാലത്ത്‌ പൊലീസ്‌ കസ്‌റ്റഡിയിൽ കൊല്ലപ്പെട്ട ആർഇസി വിദ്യാർഥി രാജന്റെ മൃതദേഹമാണെന്ന്‌ ഷെർലി പറയുന്നു. ‘വിരമിക്കുന്നതിനുമുന്പ്‌ പൊലീസ്‌ സുഹൃത്തുക്കൾ രാജന്റെ ജഡാവശിഷ്‌ടം മോർച്ചറി ടേബിളിൽ എത്തിക്കുമെന്ന്‌ ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ്‌ ഷെർലി പുസ്‌തകത്തിൽ പറയുന്നത്‌. സംവിധായകൻ പത്മരാജന്റെ പോസ്‌റ്റ്‌മോർട്ടം വൈകാരികമായി സ്വാധീനിച്ച അനുഭവമായും കുറിച്ചിട്ടുണ്ട്‌. കോഴിക്കോട്‌ സിനിമാ ചടങ്ങിനുശേഷം താമസസ്ഥലത്ത്‌ ഉറക്കത്തിനിടെ മരിച്ചതായിരുന്നു പത്മരാജൻ.


ആദ്യം എയ്‌ഡ്‌സ്‌ വന്ന്‌ മരിച്ചെന്ന്‌ പ്രചരിപ്പിച്ച കാസർകോട്‌ സ്വദേശിയായ യുവതിയെ 15 ദിവസം ശീതീകരിച്ച്‌ രോഗവ്യാപന സാധ്യത കുറച്ച്‌ പോസ്‌റ്റ്‌മോർട്ടം നടത്തിയതും പങ്കുവയ്‌ക്കുന്നു. വിഷം അകത്തുചെന്നാണ്‌ മരിച്ചതെന്നും എയ്‌ഡ്‌സ്‌ അല്ലെന്നും കണ്ടെത്തിയതായും പുസ്‌തകത്തിൽ പറയുന്നു. 16 അധ്യായങ്ങളുള്ള പുസ്‌തകത്തിൽ ഒ‍ൗദ്യോഗിക ജീവിതത്തിലെ മറ്റു ഓർമകളും ആരോഗ്യമേഖലയുടെ വളർച്ചയും സ‍ൗഹൃദങ്ങളുമൊക്കെ പ്രതിപാദിക്കുന്നു. തൊഴിൽ അനുഭവങ്ങളെ അക്കാദമികമായും വൈകാരികമായും ചേർത്തുവച്ച പോസ്‌റ്റ്‌മോർട്ടം ടേബിൾ വൈദ്യമേഖലയിലും പുറത്തും സജീവ ചർച്ചയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home