സൗമ്യയ്ക്കായി സംസാരിച്ചത് ഷേർളിയുടെ ഫോറന്‍സിക് റിപ്പോർട്ട്

ജിബിന സാഗരന്‍
Published on Sep 05, 2025, 01:05 AM | 1 min read
തൃശൂര്‍
ദൃക് സാക്ഷികളില്ലാതിരുന്ന സൗമ്യ വധക്കേസില്‍ നിര്‍ണായകമായത് ഫോറന്‍സിക് തെളിവുകളാണ്. സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് അന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷേര്‍ളി വാസുവായിരുന്നു. സൗമ്യയുടെ ശരീരത്തിലേറ്റ ഓരോ പരിക്കും വ്യക്തമായി വിശദീകരിക്കുന്നതാണ് അവര്‍ കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. 2011 ഫെബ്രുവരി ഒന്നിന് എറണാകുള-ം– ഷൊര്‍ണൂര്‍ പാസഞ്ചറിലെ വനിതാ കംപാര്‍ട്ടുമെന്റിലാണ് സൗമ്യ ആക്രമിക്കപ്പെട്ടത്.
ഗോവിന്ദച്ചാമിയുടെ ഒരു കൈയുടെ അഞ്ചുവിരലും സൗമ്യയുടെ കോളര്‍ ബോണില്‍ അമര്‍ന്നിരുന്നു. ഇടത്തേ കൈ പിടിച്ചു തിരിച്ചു. 14 പല്ലുകള്‍ അടിച്ചുതെറിപ്പിച്ചു. തലമുടി കുത്തിപ്പിടിച്ച് അതിവേഗം ഡോറിനടുത്തെ പാസേജില്‍ ഇടിച്ചു. നെറ്റിയിലെ എല്ലും തലയോട്ടിയുടെ മധ്യഭാഗവും പൊട്ടി. ഇതിനുശേഷമാണ് ഗോവിന്ദച്ചാമി സൗമ്യയെ ട്രാക്കിലേക്ക് വലിച്ചെറിഞ്ഞ് ബലാത്സംഗം ചെയ്തത്. മുഖം പോലും തകര്‍ന്ന നിലയിലായിരുന്നു. 23 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ഇത്തരത്തില്‍ ഇല്ലാതാക്കണമെങ്കില്‍ ഗോവിന്ദച്ചാമി അതിക്രൂരനാണെന്ന് ഷേര്‍ളി വാസു തറപ്പിച്ച് പറഞ്ഞിരുന്നു. വേദനകൊണ്ട് നീറുമ്പോഴും നീട്ടിവളര്‍ത്തിയ നഖം കൊണ്ട് ഗോവിന്ദച്ചാമിയുടെ കഴുത്തും നെഞ്ചും വരിഞ്ഞുകീറാന്‍ ശ്രമിച്ച സൗമ്യ ധീരയായ പെണ്‍കുട്ടിയാണെന്നായിരുന്നു അവരുടെ പക്ഷം. ജൂലൈ 25ന് ഗോവിന്ദച്ചാമി ജയില്‍ ചാടിയപ്പോള്‍ കടുത്ത ഭീതിയിലായിരുന്നു ഷേര്‍ളി വാസു. ഗോവിന്ദച്ചാമിയോളം ക്രൂരനായ ക്രിമിനലിനെ കണ്ടിട്ടില്ലെന്ന് അന്ന് അവര്‍ പ്രതികരിച്ചു. കേരളത്തിലെ ആദ്യ വനിതാ ഫോറന്‍സിക് സര്‍ജനായ ഡോ. ഷേര്‍ളി വാസു 2010ലാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തുന്നത്. 2012 വരെ ഫോറന്‍സിക് വിഭാഗം മേധാവിയായി. 2014ല്‍ പ്രിന്‍സിപ്പലായി. 2016ല്‍ വിരമിച്ചു.








0 comments