ലഹരി ഉപയോഗിക്കില്ലെന്ന് വിദ്യാർഥികൾ പ്രതിജ്ഞയെടുക്കണം: മന്ത്രി ആർ ബിന്ദു

കോഴിക്കോട്
പുതിയ അധ്യയനവർഷത്തിലേക്ക് കടക്കുമ്പോൾ ലഹരി ഉപയോഗിക്കില്ലെന്ന് വിദ്യാർഥികൾ സ്വയം പ്രതിജ്ഞയെടുക്കണമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. പ്രവേശന സമയത്ത് ലഹരിവിരുദ്ധ സത്യവാങ്മൂലം എഴുതിവാങ്ങും.
കോളേജുകളിൽ ലഹരിവിമുക്ത കോളേജ് സംരക്ഷണ സമിതിയും സർവകലാശാലകളിൽ ലഹരിവിമുക്ത സർവകലാശാല ക്യാമ്പസ് സംരക്ഷണ സമിതിയും രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നാലുവർഷ ബിരുദ പ്രോഗ്രാം 2025 –- 26 ബാച്ചിന്റെ ക്ലാസ് ആരംഭിക്കുന്നതോടനുബന്ധിച്ച് സംഘടിപ്പിച്ച വിജ്ഞാനോത്സവം സംസ്ഥാനതല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അധ്യാപകരുടെ അറിവുമാത്രം ഏറ്റുവാങ്ങുന്ന തലമുറ എന്നതിൽനിന്ന് വിദ്യാർഥികളുടെ കഴിവുകൾക്ക് പ്രാധാന്യം നൽകുന്ന തരത്തിലേക്ക് പുതിയ ബിരുദ പ്രോഗ്രാമിലൂടെ കരിക്കുലം മാറി. അക്കാദമിക കാര്യങ്ങളിൽ ഒതുങ്ങാതെ സാമൂഹികബോധമുള്ള വ്യക്തികളാക്കാനുള്ള കോഴ്‌സുകളാണ് പ്രോഗ്രാമിലുള്ളത്. സംസ്ഥാനത്തെ സർവകലാശാലകളിൽ 200 കോടി രൂപ ചെലവിൽ ട്രാൻസ്-ലേഷണൽ റിസർച്ച് ലാബുകൾ സ്ഥാപിച്ചുവരുന്നു. അറിവിനെ പ്രായോഗികതലത്തിലേക്ക് മാറ്റാനുള്ള സംവിധാനം ഇതിലുണ്ടാകും. കലാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കാൻ സർക്കാരിനായി. കിഫ്ബിയിലൂടെ 1500 കോടി രൂപയും റൂസ്സ പദ്ധതിയിലൂടെ 532 കോടി രൂപയും സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടും ഉപയോഗിച്ച് അനേകം നിർമാണപ്രവർത്തനം പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.








0 comments