കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തത്‌: ഡോ. ആർ ബിന്ദു

R BINDHU
വെബ് ഡെസ്ക്

Published on Mar 11, 2025, 07:49 PM | 1 min read

തിരുവനന്തപുരം: കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നിയമിച്ച യുവാവിനെതിരായി ഉണ്ടായ ജാതിവിവേചനം മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണെന്ന്‌ -സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി ഡോ. ആർ ബിന്ദു. ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിലിൽനിന്നും മാറി നിൽക്കേണ്ടി വരികയെന്നത് ആധുനികസമൂഹത്തിന് നിരക്കുന്നതല്ലെന്നും അവർ കൂട്ടിച്ചേർത്തു.


‘ക്ഷേത്രത്തിൽ കഴകക്കാരനായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം ലഭിച്ച യുവാവിന് ഔദ്യോഗിക കൃത്യനിർവ്വഹണം സാധ്യമാകാത്ത അവസ്ഥയുണ്ടായത് മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ്‌. ജാതിയുടെ അടിസ്ഥാനത്തിൽ തൊഴിലിൽനിന്നും മാറി നിൽക്കേണ്ടി വരികയെന്നത് ആധുനികസമൂഹത്തിന് നിരക്കുന്നതല്ല. കുലം, കുലത്തൊഴിൽ, കുലമഹിമ തുടങ്ങിയ ആശയങ്ങൾ അപ്രസക്തമായ കാലമാണിത്. മാല കെട്ടുന്നതിനുപോലും ജാതിയുടെ അതിർവരമ്പ് നിശ്ചയിക്കുന്നത് കാലത്തിന് നിരക്കുന്ന പ്രവൃത്തിയാണോയെന്ന് ബന്ധപ്പെട്ടവർ പുനർവിചിന്തനം ചെയ്യുമെന്ന് കരുതുന്നു.’- ആർ ബിന്ദു പറഞ്ഞു.


‘സംസ്കാരങ്ങളുടെ സംഗമഭൂമിയായാണ് ഇരിങ്ങാലക്കുടയും കൂടൽമാണിക്യക്ഷേത്രവും ഉയർന്നുവന്നതെന്ന ചരിത്രം ആരും വിസ്മരിച്ചുകൂടാ. ജാതീയവിഭജനങ്ങളെ ദൈവചിന്തയ്ക്ക് നിരക്കാത്തതെന്ന പേരിൽ നിരാകരിച്ച ചട്ടമ്പിസ്വാമികളെപ്പോലെ സമൂഹപരിഷ്കർത്താക്കളുടെ പ്രവർത്തനമണ്ഡലമായിരുന്ന ഭൂമിയാണിത്. ജാതിവിലക്കുകളിൽ കുടുങ്ങി ചരിത്രത്തിൽനിന്നുതന്നെ അപ്രത്യക്ഷമാകുമായിരുന്ന കൂടിയാട്ടം പോലുള്ള ക്ഷേത്രകലകളെ രാജ്യത്തിന്റെ അഭിമാനമായി ലോകജനത മുമ്പാകെ ഉയർത്തിക്കൊണ്ടുവരാൻ ഭേദചിന്തകളെ മായ്ച്ച് ഒരുമിച്ചു നിന്ന് വിജയം കണ്ട മണ്ണാണിത്. കേരളത്തിന്റെ ആധുനിക നവോത്ഥാന പ്രവർത്തനങ്ങളിലെ ശ്രദ്ധേയമായ അധ്യായമായി ഇരിങ്ങാലക്കുട ഉയർന്നത് വഴി നടക്കാനുള്ള അവകാശത്തിനു വേണ്ടി നടന്ന കുട്ടംകുളം സമരത്തിലൂടെയാണ്’. വാർത്താ കുറിപ്പിലൂടെ - മന്ത്രി ഓർമ്മിപ്പിച്ചു.


ഉയർന്നുവന്ന പ്രശ്നത്തിന് ഗുണാത്മകമായ പരിഹാരം ഉണ്ടാകുന്നതിന് ബന്ധപ്പെട്ട ഏവരുടെയും ജാഗ്രത വേണമെന്നും മന്ത്രി ഡോ. ബിന്ദു അഭ്യർത്ഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home