‘ആർക്കാണിത്ര ധൃതി’ 
എന്ന ചോദ്യങ്ങൾക്കൊരു മറുപടി

Dr. Jo Joseph
വെബ് ഡെസ്ക്

Published on Sep 12, 2025, 03:20 AM | 2 min read


കൊച്ചി

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ ഹൃദയം അങ്കമാലി സ്വദേശി അജിൻ ഏലിയാസിൽ മിടിച്ചുതുടങ്ങുമ്പോൾ, ‘ആർക്കാണിത്ര ധൃതി’ എന്ന ചോദ്യങ്ങൾക്ക്‌ മറുപടിയായി, എല്ലാവരും ഒരുമിച്ചുനിന്ന ഇ‍ൗ ദിവസത്തേക്കുറിച്ച്‌ ഫേസ്‌ബുക്കിൽ ഹൃദ്‌രോഗവിദഗ്‌ധൻ ഡോ. ജോ ജോസഫിന്റെ കുറിപ്പ്‌.

"ഒരുപക്ഷേ ഇന്ന്‌ ഏറ്റവുമധികം വേഗത്തിൽ ഏറ്റവും അധികദൂരം യാത്ര ചെയ്തവരിൽ ഒരാളായിരിക്കും ഞാൻ. രാത്രി രണ്ടിന്‌ എറണാകുളത്തുനിന്ന് പുറപ്പെട്ട് രാവിലെ 6.30ന്‌ തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തി. ഹൃദയവുമായി പകൽ 12ഓടെ പുറപ്പെട്ട് വെറും ഏഴുമിനിറ്റിൽ വിമാനത്താവളത്തിൽ. ഹെലികോപ്റ്ററിൽ മുക്കാൽ മണിക്കൂറിൽ എറണാകുളത്ത്‌. അവിടെനിന്ന്‌ അഞ്ചുമിനിറ്റിൽ ലിസി ആശുപത്രിയിൽ. ഇന്നത്തെ ഓരോ മിനിട്ടിനും ഒരു ജീവന്റെ വിലയുണ്ടായിരുന്നു. എന്റെ സർക്കാരിൽ അഭിമാനം തോന്നുകയും എന്റെ സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസം കൂടിയായിരുന്നു ഇന്ന്.' – ജോ ജോസഫ്‌ കുറിച്ചു.


​"‘കിംസിലെ ഓപ്പറേഷൻ തിയറ്ററിൽ ഐസക് ജോർജിനെ കണ്ടപ്പോൾ മനസൊന്നുവിറച്ചു. അപകടത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നു. ആകസ്മികമായുണ്ടായ അപകടത്തിൽ തകർന്നുനിൽക്കുമ്പോഴും ഐസക്കിന്റെ അവയവങ്ങൾ ദാനംചെയ്യാനുള്ള തോന്നൽ കുടുംബത്തിനുണ്ടായത്‌ ഐസക്ക് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ടുതന്നെയായിരിക്കണം. മനുഷ്യനെ നല്ല മനുഷ്യനാക്കുക എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഇതിലപ്പുറം മാനവികത ഉയർത്തിപ്പിടിക്കാൻ സാധിക്കുമോ? അതുകൊണ്ടുതന്നെ യാത്രയിലൂടനീളം ആ ഹൃദയം അടങ്ങിയ പെട്ടി ആദരവോടെ ചേർത്തുപിടിച്ചു.


ഡോണർ അലർട്ട് കിട്ടിയതുമുതൽ സർക്കാർ ഉദ്യമത്തിനൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരായ പി രാജീവും വീണാ ജോർജും അവരുടെയെല്ലാം ഓഫീസും നിരന്തരം ഇടപെട്ടു. ഹെലികോപ്റ്റർ വിട്ടുനൽകി. കിംസ് ആശുപത്രിയിൽനിന്ന് വിമാനത്താവളത്തിലേക്കും ഹയാത്ത്‌ ഹെലിപ്പാടിൽനിന്ന് ആശുപത്രിയിലേക്കും ഗ്രീൻ കോറിഡോർ ഒരുക്കിയത് രണ്ട് നഗരങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരായിരുന്നു. അണുവിട തെറ്റാത്ത ആസൂത്രണം, ഏകോപനം. ഗൗരവമായ നിയമനൂലാമാലകളടക്കം ഏകോപിപ്പിച്ചത്‌ കെ സോട്ടോ ആയിരുന്നു. സങ്കീർണ ദൗത്യത്തിന് നേതൃത്വംനൽകിയത്‌ കെ സോട്ടോ നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള ടീം. എന്റെ സംസ്ഥാനത്തിന്റെ ‘സിസ്റ്റ’ത്തിൽ, സർക്കാരിൽ, എന്റെ പ്രത്യയശാസ്ത്രത്തിൽ, ഞാൻ വിശ്വസിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിൽ അഭിമാനം തോന്നിയ ദിവസമായിരുന്നു ഇന്ന്’’ - ജോ ജോസഫ്‌ കുറിച്ചു.


"പ്രിയ ഐസക്കിന്റെ ഹൃദയവും ഒരു ജീവനും രക്ഷിച്ചതിന് ഡോ. ജോയ്‌ക്കും ടീമിനും ഹൃദയത്തില്‍നിന്നും ഒരു സല്യൂട്ട്' എന്ന്‌ പോസ്റ്റിന്‌ താഴെ ആരോഗ്യമന്ത്രി കമന്റ്‌ ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Home