ആർഎസ്എസ് ബോംബാക്രമണത്തെ അതിജീവിച്ച ഡോ. അസ്ന വിവാഹിതയായി

ആലക്കോട് (കണ്ണൂർ): രാഷ്ട്രീയ അക്രമത്തിനിടെ ബോംബേറിൽ കാൽനഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എന്‍ജിനീയറുമായ നിഖിലാണ് വരന്‍. അസ്നയുടെ ചെറുവാഞ്ചേരി പൂവത്തൂർ തരശിപ്പറമ്പത്ത് വീട്ടിലായിരുന്നു ചടങ്ങുകൾ. ആലക്കോട് അരങ്ങം വാഴയിൽ വീട്ടിൽ വി കെ നാരായണന്റെയും ലീനയുടെയും മകനാണ് നിഖിൽ. വലതുകാൽ നഷ്ടപ്പെട്ട അസ്ന അതിജീവനത്തിലൂടെ മുന്നേറിയാണ് ഡോക്ടറായത്.
2000 സെപ്തംബർ 27ന് തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ ബിജെപി കോൺഗ്രസ് സംഘർഷത്തിന്റെ ഇരയാണ് അസ്ന. ആർഎസ്എസുകാരുടെ ബോംബേറിലാണ് ആറു വയസ്സുകാരി അസ്നയ്ക്കു കാൽ നഷ്ടമായത്. പോളിങ് സ്റ്റേഷനായിരുന്ന പൂവത്തൂർ എൽപി സ്കൂൾ ബൂത്തിനു സമീപം, വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു അസ്ന. അമ്മ ശാന്തയ്ക്കും അനിയൻ ആനന്ദിനും സാരമായി പരുക്കേറ്റു.
അസ്നയുടെ വലതുകാൽ മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടി വന്നു. എല്ലാ പ്രയാസങ്ങളും മറികടന്നു പഠനത്തിൽ മികച്ച വിജയം നേടിയ അസ്ന 2013ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു ഡോക്ടറായി. ഇപ്പോൾ വടകരയിലെ സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറായി ജോലി ചെയ്യുന്നു. അസ്ന ഡോക്ടറായതിൽ സന്തോഷിച്ച നാട് വിവാഹവും ആഘോഷമാക്കി.









0 comments