print edition ഇന്ന് കേരളപ്പിറവി ; വിസ്‌മൃതിയിലാണ്ട് ‘ഒന്നരവണ്ടി’യിലെ യാത്ര

കേരളപ്പിറവിദിനത്തിൽ പത്രപ്രവർത്തകർ യാത്ര ചെയ്‌ത കെഎസ്‌ആർടിസി ഡബിൾഡക്കർ ബസ്

ശ്രീരാജ് ഓണക്കൂർ
Published on Nov 01, 2025, 03:15 AM | 1 min read
കൊച്ചി
കേരളപ്പിറവിയുടെ 69–ാം പിറന്നാൾ ആഘോഷിക്കുന്പോൾ, വിസ്‌മൃതിയിലാണ്ട് ഡബിൾഡക്കർ ബസിന്റെ കേരള പര്യടനം. കേരളം രൂപീകൃതമായ 1956 നവംബർ ഒന്നിനായിരുന്നു തിരുവനന്തപുരത്തുനിന്ന് ഡബിൾഡക്കർ ബസ് കേരളയാത്ര തുടങ്ങിയത്. ജില്ലകൾ പിന്നിട്ട് കാസർകോട് സമാപിച്ച യാത്രയിലുടനീളം ബസിലുണ്ടായിരുന്നത് ഒരു ഫോട്ടോഗ്രാഫറടക്കം ഒന്പത് മാധ്യമപ്രവർത്തകർ. സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ടുമെന്റിന്റെ ബസിൽ യാത്ര സംഘടിപ്പിച്ചത് പബ്ലിക് റിലേഷൻസ് വകുപ്പും.
തിരുവനന്തപുരം ജില്ലയിലൊഴികെ പരിചിതമല്ലാത്ത ഡബിൾഡക്കർ ബസിന്റെ വരവ് മറ്റിടങ്ങളിൽ കൗതുകക്കാഴ്‌ചയായി.
തിരുവിതാംകൂർ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് വകുപ്പിനുവേണ്ടി ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്‌തതായിരുന്നു ഡബിൾഡക്കർ. ‘ഒന്നരവണ്ടി’യെന്നായിരുന്നു വിളിപ്പേര്. ചുവന്ന നിറത്തിലുള്ള ബസിൽ മുകളിലും താഴെയും സീറ്റുകൾ. മലയാളത്തിലെ ആദ്യത്തെ പ്രസ്‌ഫോട്ടോഗ്രാഫറെന്ന് അറിയപ്പെട്ടിരുന്ന തിരുവനന്തപുരം ശിവൻസ് സ്‌റ്റുഡിയോ ഉടമ ശിവനെക്കുറിച്ച് വി എസ് രാജേഷ് എഴുതിയ ‘ശിവനയനം’ എന്ന പുസ്‌തകത്തിലാണ് ചരിത്രയാത്ര വിവരിക്കുന്നത്. കേരളത്തിലെ നിരവധി ചരിത്രമുഹൂര്‍ത്തങ്ങളെ പകര്‍ത്തിയ ശിവനുതന്നെയായിരുന്നു ഇൗ ബസിന്റെ ചിത്രം പകർത്താനുള്ള നിയോഗം. അന്നത്തെ പബ്ലിക് റിലേഷൻസ് ഡയറക്ടർ വി ആർ നാരായണൻ നായരാണ് ഇൗ ഉദ്യമത്തിന് മുൻകൈയെടുത്തത്.
പി സി സുകുമാരൻ നായർ, എൻ വി എസ് വാര്യർ അടക്കമുള്ള എട്ട് പത്രറിപ്പോർട്ടർമാരും ശിവനുമായിരുന്നു യാത്രക്കാർ. അന്ന് ദേശീയപാത വികസിച്ചിരുന്നില്ല. അതിനാൽ യാത്ര അത്ര സുഖകരമായിരുന്നില്ല. മരച്ചില്ലകളിലും വൈദ്യുതിക്കന്പികളിലും തട്ടാതെ ശ്രദ്ധിച്ച് മെല്ലെയായിരുന്നു യാത്ര. അഷ്ടമുടി കായലോരവും കടൽത്തീരവും കുട്ടനാടുമെല്ലാം പിന്നിട്ട് പറന്പിക്കുളവും സൈലന്റ് വാലിയുമെല്ലാം കണ്ടു. കുഞ്ചൻനന്പ്യാരുടെയും ചെന്പൈ വൈദ്യനാഥ ഭാഗവതരുടെയും സ്‌മാരകവും സന്ദർശിച്ചു. പാലക്കാട് കോട്ടയും കണ്ട്, കോഴിക്കോട് സ്വീകരണവുമേറ്റുവാങ്ങി കാസർകോട് സമാപിച്ചു. കെ സി ജോണിന്റെ ലേഖനത്തിനൊപ്പം ശിവൻ പകർത്തിയ ചിത്രങ്ങൾസഹിതം ‘ഇലസ്‌ട്രേറ്റഡ് വീക്കിലി’യിൽ ഇൗ യാത്രയെക്കുറിച്ച് അച്ചടിച്ചെന്നും പുസ്‌തകം പറയുന്നു.









0 comments