വെൽഫെയറിനെക്കുറിച്ച് ചോദിക്കേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: വെൽഫെയർ പാർടിയുമായി സംഖ്യമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാതെ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എപ്പോഴും ഇത് തന്നെ ചോദിക്കേണ്ടതില്ല എന്നായിരുന്നു അദ്ദേഹത്തിന്റ മറുപടി. തൃണമൂൽ കോൺഗ്രസുമായി സംഖ്യമുണ്ടോയെന്ന ചോദ്യത്തിനും മറുപടി പറയാൻ തയ്യാറായില്ല. മലപ്പുറത്തെ യുഡിഎഫിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. എല്ലായിടത്തും യുഡിഎഫ് ആയി തന്നെ മത്സരിക്കും. മലപ്പുറത്ത് വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി പരസ്യസഖ്യമാകാമെന്ന മുസ്ലിംലീഗ് നിലപാടിന് പിന്നാലെ യുഡിഎഫിൽ അഭിപ്രായഭിന്നത. വെൽഫെയർപാർടിയുമായി രഹസ്യധാരണ മതിയെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ കോൺഗ്രസ്, ലീഗ് നേതാക്കളുടെ ഭിന്നത ഗൗനിക്കാതെ കഴിഞ്ഞതവണത്തേക്കാൾ ശക്തമായ ബന്ധം യുഡിഎഫുമായി ഉണ്ടാക്കാനുള്ള നീക്കത്തിലാണ് ജമാഅത്തെ ഇസ്ലാമി.
പരസ്യമായി എതിർത്ത് മതനിരപേക്ഷ മുഖം സംരക്ഷിക്കുക, രഹസ്യധാരണയിൽ വോട്ടും സീറ്റും ഉറപ്പാക്കുക എന്നതാണ് കോൺഗ്രസിന്റെ തന്ത്രം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരസ്യസഖ്യം ദോഷമായെന്ന നിഗമനത്തിലാണ് ഇപ്പോഴത്തെ മലക്കംമറിച്ചിൽ. എന്നാൽ കോൺഗ്രസിന്റേത് നാടകമാണെന്നും ജമാഅത്തെയെ കൈവിടില്ലെന്നുമുള്ള നിലപാടിലാണ് ലീഗുള്ളത്. നിലമ്പൂർ, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളില്ലൊം ജമാഅത്തെ പിന്തുണക്കായി മുൻകൈയെടുത്തത് കോൺഗ്രസാണ്. ജമാഅത്തെ ഇസ്ലാമി മതരാഷ്‌ട്രവാദം ഉപേക്ഷിച്ചെന്ന് സർട്ടിഫിക്കറ്റ് നൽകിയത് പ്രതിപക്ഷനേതാവ് വി ഡി സതീശനാണെന്നും ലീഗ് കോൺഗ്രസിനെ ഓർമിപ്പിക്കുന്നു.
മലപ്പുറത്തെ മന്പാട്, അങ്ങാടിപ്പുറം പഞ്ചായത്തുകളിൽ വെൽഫെയർ പാർടിയുമായി ലീഗ് സഖ്യം ഉറപ്പാക്കിയിട്ടുണ്ട്. മുക്കം, കൊണ്ടോട്ടി, തിരൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിൽ കഴിഞ്ഞതവണത്തെ സഖ്യം തുടരാനുള്ള ചർച്ചയും നടക്കുന്നു. മലപ്പുറത്ത് കോൺഗ്രസിനേക്കാൾ ഗുണം വെൽഫെയറുമായുള്ള സഖ്യമാണെന്നാണ് ജില്ലാ ലീഗ് നേതാക്കൾ പറയുന്നത്.









0 comments