തെരുവുനായ വിഷയത്തിൽ പ്രതിപക്ഷ നേതാവിനും രാഹുൽഗാന്ധിയുടെ അഭിപ്രായമാണോ? - മന്ത്രി

ഫയൽ ചിത്രം
കണ്ണൂർ: തെരുവുനായ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ അഭിപ്രായം തന്നെയാണോ പ്രതിപക്ഷ നേതാവിനുള്ളതെന്ന് മന്ത്രി എം ബി രാജേഷ്. തെരുവുനായ ശല്യം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിർദേശത്തിന് എതിരായാണ് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും സംസാരിക്കുന്നത്. ഇതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ അഭിപ്രായം എന്താണെന്ന് അറിയണമെന്നും മന്ത്രി എം ബി രാജേഷ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കാറിലും സുരക്ഷയിലും സഞ്ചരിക്കുന്നവർക്ക് തെരുവുനായ ഭീഷണിയുണ്ടാകില്ല. എന്നാൽ സാധാരണക്കാരുടെ അവസ്ഥ അതല്ല. കേന്ദ്രസർക്കാരിന്റെ എബിസി ചട്ടം നിലനിൽക്കുന്നതിനാൽ സംസ്ഥാന സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും ഇതിൽ ഫലപ്രദമായി ഇടപെടാൻ സാധിക്കുന്നില്ല. ലക്ഷണക്കണക്കിന് തെരുവുനായകളെ സംരക്ഷണകേന്ദ്രത്തിൽ പാർപ്പിക്കുകയെന്നത് പ്രായോഗികമല്ല.
അതിനാൽ സംസ്ഥാന സർക്കാരിന് തെരുവുനായ ശല്യം പരിഹരിക്കുന്നതിനുള്ള അധികാരം നൽകണം. കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഇൗ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഫലപ്രദവും ശാസ്‌ത്രീയവുമായ നിർദേശം വെക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.









0 comments