ജീവനക്കാരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന പരാതി; കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ദിയ കൃഷ്ണയുടെ കുടുംബം

തിരുവനന്തപുരം: ഒ ബൈ ഓസി എന്ന സ്ഥാപനത്തിൽ നിന്നും ജീവനക്കാർ പണം തട്ടിയെന്ന സംഭവത്തിൽ ജീവനക്കാരുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ദിയാ കൃഷ്ണയുടെ കുടുംബം. ദിയയുടെ അമ്മ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനൽ വഴിയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്ന മൂന്ന് ജീവനക്കാർ, ദിയാ കൃഷ്ണ, ഭർത്താവ് അശ്വിൻ, ദിയയുടെ സഹോദരി അഹാന കൃഷ്ണ, അമ്മ സിന്ധു കൃഷ്ണ തുടങ്ങിയവരാണ് വീഡിയോയിലുള്ളത്.
പണം തട്ടിയെടുത്തിട്ടുണ്ടോ എന്ന അഹാനയുടെ ചോദ്യത്തിന് ആദ്യമൊക്കെ ഉരുണ്ടുകളിച്ചെങ്കിലും പിന്നീട് തട്ടിപ്പ് നടത്തിയതായി യുവതികൾ പറയുന്നത് വീഡിയോയിലുണ്ട്. ഏഴു ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി സ്ക്രീൻ ഷോട്ടുകൾ പരിശോധിച്ചതിലൂടെ ഞങ്ങൾക്ക് മനസിലായി. സത്യം പറഞ്ഞാൽ എല്ലാ പ്രശ്നങ്ങളും മാന്യമായി അവസാനിപ്പിക്കാം. അല്ലെങ്കിൽ ഇക്കാര്യങ്ങളൊക്കെ പിന്നീട് പൊലീസാണ് ചോദിക്കുക എന്നും കുടുംബം ജീവനക്കാരോട് പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതലാണ് പണം തട്ടാൻ തുടങ്ങിയതെന്നും എടുത്ത പണം തുല്യമായി വീതിച്ചിരുന്നതായും ജീവനക്കാർ പറയുന്നുണ്ട്. സ്ഥാപനത്തിൽ എത്തുന്നവർക്ക് പണം അയയ്ക്കാൻ സ്വന്തം അക്കൗണ്ടുകളുടെ ക്യൂ ആർ കോഡുകൾ നൽകിയെന്നും അതിലേക്ക് പണം വാങ്ങിയെന്നും ജീവനക്കാർ പറയുന്നു. പണം ആദ്യം വാങ്ങിയില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് 40,000 രൂപ കൈപ്പറ്റിയതായും യുവതികൾ സമ്മതിക്കുന്നുണ്ട്. കയ്യിലുണ്ടായിരുന്ന സ്വർണമെല്ലാം വിറ്റാണ് അഞ്ച് ലക്ഷം രൂപ ദിയക്ക് മടക്കി നൽകിയതെന്നും ജീവനക്കാർ പറയുന്നത് വീഡിയോയിൽ കാണാം.
തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായി യുവതികൾ ഇന്നലെ ദിയ കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. വിഷയത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സ്ഥാപനത്തിൽ നിന്നും ലക്ഷങ്ങൾ ജിവനക്കാർ തട്ടിയെടുത്തുവെന്ന നടനും ബിജെപി നേതാവുമായ ജി കൃഷ്ണ കുമാറിന്റെ പരാതിയിലും അന്വേഷണം നടക്കുകയാണ്.









0 comments