തദ്ദേശവാർഡ് വിഭജനം : ഡീലിമിറ്റേഷൻ കമീഷൻ ജനുവരി 16 മുതൽ പരാതിക്കാരെ നേരിൽ കേൾക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ സംബന്ധിച്ച പരാതികളിൽ ജില്ലാതല ഹീയറിംഗ് (നേർവിചാരണ) ജനുവരി 16 മുതൽ ഫെബ്രുവരി 22 വരെ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. ഹീയറിംഗ് ജനുവരി 16 ന് പത്തനംതിട്ടയിൽ ആരംഭിക്കും. 941 ഗ്രാമപഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപ്പറേഷനുകൾ എന്നിവയിലെ കരട് വിഭജന നിർദ്ദേശങ്ങൾ നവംബർ 18 ന് പ്രസിദ്ധീകരിച്ചിരുന്നു. അതിന്മേലുള്ള പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമീഷൻ 2024 ഡിസംബർ നാല് വരെ സ്വീകരിച്ചിരുന്നു.
സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന് നേരിട്ടും, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെ നേരിൽ കേൾക്കും. ഹീയറിംഗിന് ശേഷം പരാതികൾ വിശദമായി പരിശോധിച്ച് കമീഷൻ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും.
ഹീയറിംഗ് തീയതി, ജില്ല, പരാതികളുടെ എണ്ണം എന്നീ ക്രമത്തിൽ ചുവടെ
● ജനുവരി 16 പത്തനംതിട്ട 546
● ജനുവരി 17 കോട്ടയം 562
● ജനുവരി 18 ഇടുക്കി 482
● ജനുവരി 28 കൊല്ലം 869
● ജനുവരി 29 ആലപ്പുഴ 723
● ജനുവരി 30 എറണാകുളം 1010
● ജനുവരി 31 തൃശൂർ 1230
● ഫെബ്രുവരി 4 പാലക്കാട് 1112
● ഫെബ്രുവരി 5, 6 മലപ്പുറം 2840
● ഫെബ്രുവരി 11 കാസർകോട് 843
● ഫെബ്രുവരി 12 കണ്ണൂർ 1379
● ഫെബ്രുവരി 13, 14 കോഴിക്കോട് 1957
● ഫെബ്രുവരി 15 വയനാട് 487
● ഫെബ്രുവരി 21, 22 തിരുവനന്തപുരം 2002









0 comments