നേതൃമാറ്റത്തിന് പിന്നിൽ കോൺഗ്രസിലെ സ്വാർഥ താൽപര്യക്കാർ
അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിൽ നിരാശ; ഹൈക്കമാൻഡിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

കണ്ണൂർ: കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ. അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിൽ കടുത്ത നിരാശയുണ്ടെന്നും നീക്കത്തിന് പിന്നിൽ ചില നേതാക്കളുടെ സ്വാർഥ താൽപര്യമാണെന്നും സുധാകരൻ പ്രതികരിച്ചു. തെളിവില്ലാതെ ഒരാളുടെ പേര് പറയുന്നത് ശരിയല്ല. നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കിയെന്നും കെ സുധാകരൻ പറഞ്ഞു.
എഐസിസി കേരളത്തിന്റെ മുഴുവൻ ചുമതലയും തന്നെ ഏൽപ്പിക്കുന്നതായാണ് വിവരം ലഭിച്ചത്. പിന്നെ എന്തിനാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് അറിയില്ല. അങ്ങനെ മാറ്റേണ്ടതുണ്ടായിരുന്നോ എന്ന് കെ സുധാകരൻ ആരാഞ്ഞു. രാഹുലും ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായിട്ടില്ല. തന്നെ മാറ്റിയതിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളുടെ വക്ര ബുദ്ധിയാണ്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന് തന്റെ നേതൃത്വം ആവശ്യമായിരുന്നു എന്നും സുധാകരൻ വിമർശിച്ചു.
Related News
സ്ഥാനത്ത് നിന്ന് നീക്കിയപ്പോൾ ആരും അഭിപ്രായം ചോദിച്ചില്ല. ചില നേതാക്കൾ തന്നെ മാറ്റാൻ നിർബന്ധം പിടിച്ചു. നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നിലെ വികാരവിചാരങ്ങളെന്താണ് എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കെപിസിസി നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നിൽ പാർടിയോട് കൂറുള്ളവരല്ല, മറിച്ച് പാർടി നശിക്കട്ടെയെന്ന് ചിന്തിക്കുന്ന ദുർമനസുകളാണെന്നും കെ സുധാകരൻ പ്രതികരിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയും രൂക്ഷ വിമർശനങ്ങളാണ് കെ സുധാകരന്‍ ഉന്നയിക്കുന്നത്. കെ സി വേണുഗോപാലുമായി രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്താറില്ല. അദ്ദേഹത്തിന് രാഷ്ട്രീയ ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്നാണ് കെ സുധാകരന്‍ പറയുന്നത്. തന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നേതൃ സ്ഥാനത്ത് നിന്നും മാറ്റിയാൽ പോരായിരുന്നോ എന്നും സുധാകരൻ ചോദിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തനിക്കൊപ്പം മാറ്റേണ്ടതായിരുന്നു. എന്നാൽ മാറ്റാത്തതിന് പിന്നിൽ നേതാക്കളുടെ വ്യക്തി താത്പര്യമുണ്ട്. സപ്പോർട്ടിന് വേണ്ടി ആരുടേയും പിറകെ നടന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
സണ്ണി ജോസഫ് തന്റെ നോമിനി അല്ല. എന്നാൽ സണ്ണി നേതൃസ്ഥാനത്തിരിക്കുന്നതിൽ കുഴപ്പമില്ല. ആന്റോ ആന്റണി നേതൃത്വത്തിലേക്ക് വന്നിരുന്നെങ്കിൽ വലിയ പ്രശ്നമാകുമായിരുന്നു. തന്നെ നേതൃത്വത്തിൽ നിന്ന് മാറ്റിയതിൽ പ്രവർത്തകർക്ക് വലിയ വിഷമമുള്ളതായും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രൂപ്പ് തർക്കങ്ങൾക്കും ആരോപണങ്ങൾക്കുമൊടുവിലാണ് പുതിയ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫിനെ ഹൈക്കമാന്റ് നിയമിച്ചത്. കെ സുധാകരന് പകരമായാണ് സണ്ണി ജോസഫിനെ നിയമിച്ചത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. കെ സുധാകരൻ ഇനി മുതൽ പ്രവർത്തക സമിതി ക്ഷണിതാവാകും എന്നായിരുന്നു അറിയിപ്പ്.
Related News
അതേസമയം, നേതൃമാറ്റം സംബന്ധിച്ച ചർച്ചകളേ നടന്നിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് സണ്ണി ജോസഫ് ഇന്ന് കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റത്. നേതൃമാറ്റത്തെ സംബന്ധിച്ച് വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. കെ സുധാകരൻ താൻ മാറില്ല എന്ന നിലപാട് സ്വീകരിച്ചതോടെ ഹൈക്കമാൻഡ് പ്രതിസന്ധിയിലാകുകയിരുന്നു. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്നും രാഹുൽ ഗാന്ധി തന്നെ നേരിട്ട് അഭിപ്രായങ്ങൾ തേടി. നേതൃമാറ്റത്തിനെതിരെ കെ സുധാകരൻ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്ന സാഹചര്യത്തിലേക്ക് എത്തിയപ്പോഴായിരുന്നു രാഹുലിന്റെ നിർണായക ഇടപെടൽ ഉണ്ടായത്.









0 comments