ഡിജിറ്റൽ സർവകലാശാല ; തകർച്ചയിലേക്ക്‌ 
വിസിയുടെ വഴിവെട്ടൽ

Digital University kerala
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Jul 15, 2025, 02:50 AM | 1 min read


തിരുവനന്തപുരം

രാജ്യത്തെ ആദ്യ ഡിജിറ്റൽ ഡിജിറ്റൽ സർവകലാശാലയെ അപകീർത്തിപ്പെടുത്താനും സ്ഥാപനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെത്തന്നെ തകർക്കാനും വൈസ്‌ചാൻസലറുടെ ചുമതലയുള്ള സിസ തോമസിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടലുകൾ. വിസിയുടെ നടപടികളിൽ മനംമടുത്ത് ഫാക്കൽറ്റി അംഗങ്ങളിൽ ചിലർ സ്ഥാപനം വിട്ടു. ചിലർ വിടാൻ തയ്യാറെടുക്കുന്നതായും വിവരമുണ്ട്‌.


സ്ഥാപനത്തിൽ സിഎജി ഓഡിറ്റ്‌ ഇല്ലെന്നും സാമ്പത്തിക തിരിമറി നടക്കുന്നെന്നും വിസിയുടെ നേതൃത്വത്തിൽത്തന്നെ വ്യാജ വാർത്ത പുറത്തുവിട്ടതായാണ്‌ സൂചന. സ്ഥാപനം നേരത്തേതന്നെ സിഎജി ഓഡിറ്റ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കവെയാണ്‌ വ്യാജവാർത്ത പുറത്തുവിട്ടത്‌. ഫാക്കൽറ്റി അംഗങ്ങൾ സ്‌റ്റാർട്ടപ്പുകൾ ആരംഭിക്കുന്നത്‌ തെറ്റാണെന്നും പ്രചരിപ്പിക്കുന്നു. ഫാക്കൽറ്റികളുടെ സംരംഭങ്ങളെ യുജിസിതന്നെ പ്രോത്സാഹിപ്പിക്കുമ്പോഴാണിത്‌. ഐഐടികൾ അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിലും ഇത്തരത്തിൽ സംരംഭങ്ങളുണ്ട്‌. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും വളർത്തിയെടുക്കയും സർവകലാശാലയുടെ പ്രഖ്യാപിത നയമായിരിക്കെയാണ്‌ ഇതിനെതിരെ വിസി രംഗത്തുവരുന്നത്‌.


മറ്റു സർവകലാശാലകളിൽനിന്ന്‌ വ്യത്യസ്‌തമായി സർക്കാരിന്റെ സാമ്പത്തിക സഹായത്തെ വലിയ രീതിയിൽ ആശ്രയിക്കാതെ സ്വന്തം നിലയിൽ ഫണ്ട്‌ സ്വരൂപിക്കുന്ന മാതൃകയാണ്‌ ഡിജിറ്റൽ സർവകലാശാലയുടേത്‌. വരുമാനത്തിന്റെ അഞ്ചിലൊന്നിൽ താഴെ മാത്രമാണ്‌ ഫീസായി ലഭിക്കുന്നത്‌. ഡിജിറ്റൽ പദ്ധതികൾ, സർക്കാർ സഹകരണം, മത്സര ഗവേഷണ ഗ്രാന്റുകൾ, സർക്കാർ വകുപ്പുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കുമുള്ള സാങ്കേതികസഹായം എന്നിവയാണ്‌ പ്രധാന വരുമാന മാർഗം. ഇപ്പോഴുണ്ടായ വിവാദങ്ങൾ പുതിയ പ്രോജക്ടുകൾ ആകർഷിക്കാനും ധനസഹായം ലഭിക്കാനുമുള്ള സാധ്യതകൾ തടസ്സപ്പെടുത്തുമെന്ന്‌ അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.


ഉന്നതവിദ്യാഭ്യാസത്തെ സാങ്കേതികവിദ്യയിലൂടെ പുനർനിർവചിക്കാനുള്ള ധീരമായ പരീക്ഷണമായാണ് സംസ്ഥാന സർക്കാർ ഡിജിറ്റൽ സർവകലാശാല ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ, സൈബർ സുരക്ഷ, ഡിജിറ്റൽ ആരോഗ്യം, സ്‌മാർട്ട് കൃഷി തുടങ്ങി നിർണായക മേഖലകളിലെ നവീകരണം, സംരംഭകത്വം, ഗവേഷണം എന്നിവയ്ക്കുള്ള വേദിയായി ഇതിനകം സർവകലാശാല മാറി.


പരിസ്ഥിതിപ്രശ്‌നങ്ങൾ പരിഹരിക്കാൻ പരിസ്ഥിതിയും എഐയും സംയോജിപ്പിക്കുന്ന കോഴ്‌സുകൾ അവതരിപ്പിച്ച രാജ്യത്തെ ഏക സ്ഥാപനമാണിത്. എഐ സംയോജിത എംബിഎ, സൈബർ സുരക്ഷ, ഡാറ്റാ സയൻസ് തുടങ്ങിയ പ്രോഗ്രാമുകളിലൂടെ ലോകത്തെ മുൻനിര കമ്പനികളുടെ റിക്രൂട്ട്‌മെന്റ്‌ കേന്ദ്രമായി സർവകലാശാല മാറുമ്പോഴാണ്‌ വിസിതന്നെ പ്രതിസന്ധിയുണ്ടാക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Home