ഓൺലൈനായി ബില്ലടയ്‌ക്കാനും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാനും എല്ലാവരെയും പ്രാപ്‌തരാക്കി , സർവേക്കും പരിശീലനത്തിനും നേതൃത്വം നൽകിയത് 2.57 ലക്ഷം വളന്റിയർമാർ
വീണ്ടും മാതൃക , കേരളം സമ്പൂർണ സ്‌മാർട്ട് ; സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനം

സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മൊബൈലിൽ സെൽഫിയെടുക്കുന്ന പെരിങ്ങമ്മല മടത്തറ പോട്ടോമാവ് ഉന്നതിയിൽനിന്നുള്ള ശാരദ കാണിയും വിശാലാക്ഷിയും. മന്ത്രി എം ബി രാജേഷ് സമീപം
തിരുവനന്തപുരം
സാക്ഷരതാ പ്രവർത്തനത്തിലൂടെ ലോകത്തിനുമുന്നിൽ വിസ്‌മയം തീർത്ത കേരളം ഡിജി കേരളം പദ്ധതിയിലൂടെ പുതിയ മാതൃക സൃഷ്‌ടിച്ചു. കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ ചടങ്ങിൽ പ്രഖ്യാപിച്ചു. സ്‌മാർട്ട് ഫോൺ ഉപയോഗിച്ച് ഓൺലൈനായി ബില്ലടയ്‌ക്കാനും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കാനും എല്ലാവരെയും പ്രാപ്‌തരാക്കുന്നതിന്റെ ഭാഗമാണിത്. ചടങ്ങിൽ 105 വയസ്സുള്ള അബ്‌ദുള്ള മൗലവിയുമായി വീഡിയോ കോളിൽ സംസാരിച്ച മുഖ്യമന്ത്രി, 75 പിന്നിട്ട ശാരദാ കാണിക്കും വിശാലാക്ഷിക്കുമൊപ്പം സെൽഫി എടുത്തു.
തിരുവനന്തപുരത്തെ പുല്ലമ്പാറ പഞ്ചായത്ത് കോവിഡ് കാലത്ത് തുടങ്ങിയ പദ്ധതിയാണ് സംസ്ഥാനമാകെ വ്യാപിപ്പിച്ചത്. സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ നിയമസഭാ മണ്ഡലമായി തളിപ്പറമ്പിനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇടം എന്ന പേരിലായിരുന്നു പദ്ധതി. സർവേക്കും പരിശീലനത്തിനും 2.57 ലക്ഷം വളന്റിയർമാരാണ് നേതൃത്വം നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തി. മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. നവകേരളത്തിലേക്കുള്ള നിർണായക ചുവടുവയ്‌പാണിതെന്ന് മന്ത്രി പറഞ്ഞു. സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ റിപ്പോർട്ട് മന്ത്രിയിൽനിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ സ്വീകരിച്ചു. ഡിജി കേരളം രണ്ടാംഘട്ട പദ്ധതി സ്‌പെഷൽ സെക്രട്ടറി അദീല അബ്‌ദുള്ള അവതരിപ്പിച്ചു. രണ്ടാംഘട്ട പദ്ധതിയുടെ രേഖ ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാൽ സ്‌പെഷൽ സെക്രട്ടറി ടി വി അനുപമയ്‌ക്ക് കൈമാറി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, പ്രിൻസിപ്പൽ ഡയറക്‌ടർ ജെറോമിക് ജോർജ്, വകുപ്പ് ഡയറക്‌ടർ അപൂർവ ത്രിപാഠി, കോർപറേഷൻ കൗൺസിലർ വി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം പറഞ്ഞു.









0 comments