print edition ​ഇനി നനയാതെ ഉറങ്ങാലോ

deva priya State School Sports Meet

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ റെക്കോഡിട്ട ദേവപ്രിയയുടെ അച്ഛൻ പി കെ ഷൈബു, അമ്മ ബിസ്മി, അനിയൻ ദേവാനന്ദ് എന്നിവർ കാൽവരിമൗണ്ട് കൂട്ടക്കല്ല് പാലത്തും തലക്കലെ വീട്ടിൽ ട്രോഫികളുമായി / ഫോട്ടോ: ഷിബിൻ ചെറുകര

avatar
ജോബി ജോർജ്‌

Published on Oct 25, 2025, 03:02 AM | 1 min read


ഇടുക്കി

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ട്രാക്കിൽ ചിതറിവീഴുന്ന മഴ നോക്കി ദേവപ്രിയ പറഞ്ഞു, ‘ഇനി ഞങ്ങൾക്കും നനയാതെ ഉറങ്ങാമല്ലോ.’ തലസ്ഥാനത്ത്‌ മഴ തകർത്തുപെയ്‌തപ്പോൾ ഇടുക്കിയിലെ കൂട്ടക്കല്ലിൽ ഉയരാൻ പോകുന്ന വീടായിരുന്നു അവളുടെ മനസ്സ്‌ നിറയെ. സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ സബ്‌ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ 38 വർഷം പഴക്കമുള്ള റെക്കോഡ്‌ തകർത്ത ദേവപ്രിയ ഷൈബുവിന്‌ വീട്‌ നിർമിച്ചു നൽകാൻ സിപിഐ എം ഇടുക്കി ജില്ലാകമ്മിറ്റിയാണ്‌ തീരുമാനിച്ചത്‌. റെക്കോഡിട്ട ദിവസത്തിൽ ദേവപ്രിയയുടെ സന്തോഷം ഇരട്ടിപ്പിച്ച പ്രഖ്യാപനം.


‘വളരെയധികം സന്തോഷമുണ്ട്‌. മഴയും തണുപ്പും കാരണം അനിയൻ ദേവാനന്ദിന്‌ എപ്പോഴും പനിയാണ്‌. പുത്തൻ വീടായാൽ അതൊക്കെ മാറും. ഞങ്ങൾക്ക്‌ സുഖമായുറങ്ങാം.’


സഹോദരി ദേവനന്ദയും സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്നുണ്ട്‌. ​ ഇടുക്കി കാൽവരിമ‍ൗണ്ട് കൂട്ടക്കല്ലിലെ പാലത്തുംതലയ്‌ക്കൽ വീടിന്‌ തകരഷീറ്റിലാണ്‌ മേൽക്കൂര. ഹാളും കിടപ്പുമുറിയും ഒന്നുതന്നെ. അതിനോട്‌ ചേർന്ന്‌ അടുക്കള. അച്‌ഛനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും അടക്കം ഏഴുപേരാണ്‌ വീട്ടിൽ. മഴക്കാലം അവർക്ക്‌ പേടിക്കാലംകൂടിയാണ്‌. രണ്ട്‌ വർഷം മുന്പ്‌ ശക്തമായ കാറ്റിൽ മേൽക്കൂര പറന്നുപോയിരുന്നു. ചാക്കിലാണ്‌ ദേവപ്രിയയുടെയും ദേവനന്ദയുടെയും മെഡലുകളുള്ളത്‌.


കാമാക്ഷി പഞ്ചായത്തിൽ സിപിഐ എം തങ്കമണി ലോക്കൽ കമ്മിറ്റി അംഗമായ അച്‌ഛൻ പി കെ ഷൈബുവും അമ്മ ബിസ്‌മിയും സന്തോഷത്തിലാണ്‌. ഷൈബു ദേശാഭിമാനി ഏജന്റുകൂടിയാണ്‌. അച്‌ഛൻ തിരക്കിലാകുന്ന സമയത്ത്‌ മക്കൾ പത്രം വിതരണംചെയ്യും.

മികച്ച സ‍ൗകര്യമുള്ള വീടാണ്‌ നിർമിക്കുകയെന്ന്‌ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ അറിയിച്ചു.​ ദേവപ്രിയ വീട്ടിലെത്തുന്ന 29ന്‌ സ്വീകരണം നൽകും. കൂട്ടക്കല്ലിൽ വീടിന്‌ ശിലയിടും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഓൺലൈനിൽ വീട്‌ നിർമാണം ഉദ്‌ഘാടനംചെയ്യും. നാല്‌ കിടപ്പുമുറിയും ഹാളും അടുക്കളയുമൊക്കെയുള്ള വീടാണ്‌ നിർമിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home