4 ജിയിലും പരാതി, കറങ്ങിത്തിരിഞ്ഞ് ബിഎസ്‌എൻഎൽ

സുനീഷ് ജോ
Published on Oct 16, 2025, 12:01 AM | 1 min read
തിരുവനന്തപുരം: 4 ജി നെറ്റ് വ്യാപകമായി അവതരിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച കവറേജ് കിട്ടാതെ ബിഎസ്‌എൻഎൽ വരിക്കാർ. റേഞ്ചില്ല, കോൾ ഇടയ്‌ക്ക് കട്ടാകുന്നു തുടങ്ങിയ പ്രയാസവും ഏറുന്നു. ഇന്റർനെറ്റിന് വേഗമില്ലെന്ന പരാതിയും വർധിച്ചു.
സെപ്‌തംബർ അവസാനമാണ് ടാറ്റയുടെ തേജസ് നെറ്റ്‌വർക്കുമായി ചേർന്ന് ബിഎസ്‌എൻഎൽ രാജ്യത്ത് എല്ലായിടത്തും 4 ജി നൽകിത്തുടങ്ങിയത്. തൊട്ടുപിന്നാലെ 3 ജി സേവനം അവസാനിപ്പിച്ചു. 700 മെഗാഹെർട്‌സിലും 2100 മെഗാഹെർട്‌സിലുമാണ് ബിഎസ്‌എൻഎൽ ബാൻഡുകളിൽനിന്നുള്ള റേഡിയോ വേവുകൾ. ഇതിൽ 700 മെഗാഹെർട്‌സ് ഭൂരിഭാഗം മൊബൈൽ സെറ്റുകളിലും സ്വീകരിക്കാനാകുന്നില്ല. 2100 മെഗാഹെർട്‌സിൽ കോൾ കണക്‌ടിവിറ്റിക്കും നെറ്റിനും തടസ്സവും നേരിടുന്നു. 7492 കോടി രൂപയ്ക്കാണ് തദ്ദേശീയമായി വികസിപ്പിച്ച 4 ജി സാങ്കേതിക വിദ്യ തേജസ് നെറ്റ് വർക്കിൽനിന്ന് ബിഎസ്‌എൻഎൽ വാങ്ങിയത്.
കരാർ പ്രകാരം ടവറുകളെ 4 ജിയിലേക്ക് ഉയർത്തുന്നതും കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നം പരിഹരിക്കേണ്ടതും തേജസ് നെറ്റ്‌വർക്കാണ്. ഇൗ രംഗത്ത് കന്പനിക്ക് വേണ്ടത്ര മുൻപരിചയമില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. സ്വകാര്യ മൊബൈൽ സേവനദാതാക്കൾ വർഷങ്ങൾക്ക് മുന്പുതന്നെ 4 ജിയിലേക്ക് മാറിയെങ്കിലും ബിഎസ്‌എൻഎൽ വളരെ വൈകിയാണ് ഇൗ രംഗത്തേക്ക് ചുവടുവച്ചത്.
4 ജി പദ്ധതി അവതരിപ്പിച്ചപ്പോൾ 6922 ടവറുകളാണ് കേരളത്തിൽ ഇതിനായി സജ്ജമാക്കിയത്. രണ്ടാംഘട്ടത്തിൽ ആയിരത്തോളം ടവറുകളും സജ്ജമാക്കാൻ നടപടിയെടുക്കുന്നുണ്ട്. ഇതിലൂടെ കവറേജ് വർധിപ്പിക്കാനാവുമെന്ന് അധികൃതർ പറയുന്നു.
ഒരു രൂപയ്‌ക്ക് സിം
മൊബൈൽ ഫോൺ വരിക്കാരെ ആകർഷിക്കാൻ ബിഎസ്‌എൻഎൽ ബുധൻമുതൽ ഒരു രൂപയ്‌ക്ക് സിം നൽകുന്ന പദ്ധതി ആരംഭിച്ചു. ഇതിൽ 30 ദിവസംവരെ പ്രതിദിനം 2 ജിബി നെറ്റും പരിധിയില്ലാതെ കോളും നൽകും. 100 എസ്‌എംഎസും സൗജന്യമാണ്. നവംബർ 15 വരെയാണ് പദ്ധതി. ആഗസ്‌തിൽ ഇത്തരമൊരു പ്ലാൻ അവതരിപ്പിച്ചപ്പോൾ 20 ലക്ഷം പുതിയ വരിക്കാരെ കണ്ടെത്തിയതിൽ ഒന്നരലക്ഷവും കേരളത്തിലായിരുന്നു. എന്നാൽ സെപ്‌തംബറിൽ 30,000 പേർ കണക്‌ഷൻ ഉപേക്ഷിച്ചു.









0 comments