'അറിയാനും അറിയിക്കാനും അക്ഷരമുറ്റം കുട്ടികളെ പ്രേരിപ്പിക്കുന്നു'; മെഗാ ഇവന്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും മെഗാ ഇവന്റും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പാഠപുസ്തകത്തിനപ്പുറത്തെ വായനയിലേക്ക് വലിയ വിഭാഗം കുട്ടികളെ നയിക്കാൻ അക്ഷരമുറ്റത്തിന് സാധിക്കുന്നു എന്നത് വലിയ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്ഷരമുറ്റം കേവലം ചോദ്യോത്തര പരിപാടിയല്ല. അറിയാനും അറിയിക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്നതിനോടൊപ്പം പുതുതലമുറയെ വിവേകശാലികളാക്കി വളർത്തിയെടുക്കുന്നതിനും ശ്രദ്ധ ചെലുത്തുന്ന ഒന്നാണ്.
അറിവിനൊപ്പം തിരിച്ചറിവുള്ള തലമുറയെ വാർത്തെടുക്കുകയാണ് ദേശാഭിമാനി. പാഠപുസ്തകത്തിൽ ഒതുങ്ങുന്നതല്ല പഠനം. അതിനപ്പുറത്തെ വായനയാണ് നമ്മളെ വലിയ മനുഷ്യരായി വളരാൻ സഹായിക്കുന്നത്. പരിക്ഷയ്ക്ക് മാർക്ക് കിട്ടാനുള്ള വായനയിൽ നാം ഒതുങ്ങരുത്. ലോകത്തെ കുറിച്ച് മനസിലാക്കാനും ഇടപെടാനുള്ള ശേഷി നേടാനും വായന അത്യാവശ്യമാണ്. കഥയും കവിതയും നോവലും എല്ലാം വായിക്കുന്നത് ശീലമാക്കിയാൽ മാത്രമേ അനീതിയെ ചോദ്യം ചെയ്യുന്ന കരുത്തുറ്റ മനുഷ്യരായി മാറാൻ സാധിക്കൂ. നാം ആർജിക്കുന്ന ഓരോ അറിവും നല്ല സമൂഹത്തെ വാർത്തെടുക്കാൻ കൂടിയുള്ളതാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടവന്ത്ര രാജീവ്‌ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അക്ഷരമുറ്റം ഗുഡ്‌വിൽ അംബാസഡർ മോഹൻലാൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനായി. മന്ത്രി പി രാജീവ് പുരസ്‌കാരജേതാക്കളെ അനുമോദിച്ചു. മോഹൻലാലിന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ഉപഹാരം സമ്മാനിച്ചു. റസിഡന്റ് എഡിറ്റർ എം സ്വരാജ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ എന്നിവർ സംസാരിച്ചു.
അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിൽ എൽപി, യുപി, എച്ച്‌എസ്, എച്ച്‌എസ്‌എസ് വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഒരുലക്ഷം രൂപയും മെമന്റോയും സർട്ടിഫിക്കറ്റുമാണ് ഒന്നാംസമ്മാനം. രണ്ടാംസമ്മാനം അരലക്ഷം രൂപയും മെമന്റോയും സർട്ടിഫിക്കറ്റും.
എൽപി വിഭാഗത്തിൽ കെ മുഹമ്മദ് റയ്യാൻ (പാലക്കാട് മാണിക്കപ്പറമ്പ് ഗവ. എച്ച്‌എസ്), കെ റെയാൻ (കോഴിക്കോട് പാതിരിപ്പറ്റ സിഇഎം എൽപിഎസ്), യുപി– കെ അശ്വിൻ രാജ് (കാസർകോട് നീലേശ്വരം രാജാസ് എച്ച്‌എസ്‌എസ്), എസ് അതുൽ (തിരുവനന്തപുരം പകൽക്കുറി ഗവ. വിഎച്ച്‌എസ്‌എസ്), എച്ച്‌എസ്– നിള റിജു (തിരുവനന്തപുരം ഇളമ്പ ഗവ. എച്ച്‌എസ്‌എസ്), വി ശിവഹരി (കൊല്ലം അയ്യൻകോയിക്കൽ ഗവ. എച്ച്‌എസ്‌എസ്), എച്ച്‌എസ്‌എസ്– ടി ഷിബില (പാലക്കാട് കുമരംപുത്തൂർ കെഎച്ച്‌എസ്‌എസ്), എം എസ് ശ്രുതിനന്ദന (കോട്ടയം രാമപുരം സെന്റ് അഗസ്റ്റിൻസ് എച്ച്‌എസ്‌എസ്) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനക്കാർ.
0 comments