മകൻ ഇടത് സ്ഥാനാർഥിയായതിന് തൊഴിൽ നിഷേധം; 22 വർഷത്തെ ഐഎൻടിയുസി പ്രവർത്തനം ഉപേക്ഷിച്ച് രാജനും സഹപ്രവർത്തകരും സിഐടിയുവിൽ

വയനാട്: വയനാട് മുള്ളൻകൊല്ലിയിൽ മകൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായതിനെ തുടർന്ന് തൊഴിൽ തടയപ്പെട്ട രാജനും സഹപ്രവർത്തകരും ഐഎൻടിയുസി പ്രവർത്തനം ഉപേക്ഷിച്ച് സിഐടിയുവിൽ. നീണ്ട 22 വർഷത്തെ സജീവ ഐഎൻടിയുസി ബന്ധമാണ് രാജൻ തനിക്ക് നേരിട്ട ദുരനുഭവത്തോടെ ഉപേക്ഷിച്ചത്.
സിഐടിയുവിലേക്ക് കടന്നുവന്ന രാജനും സഹപ്രവർത്തകരായ എട്ട് ഐഎൻടിയുസി തൊഴിലാളികൾക്കും സിപിഐ എം സ്വീകരണം നൽകി.
ഷാജി, ബാബു, ജെയിംസ്, കാദർ, ജോസൂട്ടി, മനോജ്, ഇബ്രായി, ഷാജി എന്നിവരെയാണ് പുൽപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ സ്വീകരിച്ചത്.
മുള്ളൻകൊല്ലി പഞ്ചായത്തിലെ 18-ാം വാർഡ് പത്താണിക്കുപ്പിൽ സി ആർ വിഷ്ണു സ്ഥാനാർഥിയായ ശേഷമായിരുന്നു പിതാവായ രാജൻ കോൺഗ്രസിന്റെയും ഐൻടിയുസിയുടെയും പ്രതികാര നടപടി നേരിട്ടത്.
രാജൻ പണിക്ക് പോയപ്പോൾ ഐഎൻടിയുസിക്കാർ തടഞ്ഞിരുന്നു. മകൻ വിഷ്ണുവിനോട് നാമനിർദേശ പത്രിക നൽകരുതെന്ന് ആവശ്യപ്പെടണമെന്നും അല്ലെങ്കിൽ പണിയെടുക്കാൻ രാജനെ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റാണ് വിഷ്ണു. തെരഞ്ഞെടുപ്പിൽ വിഷ്ണു മത്സരിക്കുന്നു എന്നറിഞ്ഞതുമുതൽ പ്രാദേശിക കോൺഗ്രസ്, ഐഎൻടിയുസി നേതാക്കൾ രാജനെ ഭീഷണിപ്പെടുത്തിയിരുന്നു. ദീർഘകാലമായി ഐൻടിയുസിയിൽ സജീവപ്രവർത്തകനായ താൻ ഇന്നേവരെ സംഘടനക്കെതിരെ ഒന്നുംപറഞ്ഞിട്ടില്ലെന്നും മകന്റെ രാഷ്ട്രീയം സ്വതന്ത്രമായ തീരുമാനമാണെന്നും രാജൻ മാധ്യമങ്ങളോട് മുൻപ് പറഞ്ഞിരുന്നു.









0 comments