മലയാളി വിദ്യാർഥികളെ ക്രൂരമായി മർദിച്ച് ഡൽഹി പൊലീസ്

ന്യൂഡൽഹി
മോഷണക്കുറ്റം ആരോപിച്ച് ഡൽഹി റെഡ്‌ഫോർട്ട് പരിസരത്ത് മലയാളി വിദ്യാര്‍ഥികളെ പൊലീസും പ്രദേശവാസികളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഡൽഹി യൂണിവേഴ്‌സിറ്റി സാക്കിർ ഹുസൈൻ കോളേജിലെ ഒന്നാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളായ കോഴിക്കോട് സ്വദേശി ഐ ടി അശ്വന്ത് (18), കാസർകോട് സ്വദേശി കെ സുധിൻ (18) എന്നിവർക്കാണ് മർദനമേറ്റത്.
മുണ്ടുടുത്ത് ചെങ്കോട്ട പരിസരത്തെത്തിയ വിദ്യാർഥികളുടെ സംസാരവും വേഷവും ശ്രദ്ധിച്ച് വഴിയോരകച്ചവടക്കാരന്‍ സ്‌മാർട്ട് വാച്ച്, ഇയർപോഡ് വേണോ എന്ന് ചോദിച്ച് സമീപിക്കുകയായിരുന്നു. അശ്വന്തിന്റെ ഐഫോൺ ശ്രദ്ധിച്ച ഇയാള്‍, അത് മോഷ്‌ടിച്ചതാണെന്ന് ആരോപിച്ച് ബഹളമുണ്ടാക്കി. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി കൂട്ടത്തോടെ മര്‍ദിക്കുകയായിരുന്നു. വിദ്യാർഥികൾ സമീപത്തുണ്ടായിരുന്ന രവിരംഗ എന്ന പൊലീസുകാരനെ വിവരമറിയിച്ചു. എന്നാൽ ഇയാളും അക്രമികളുടെ കൂടെ ചേർന്ന് മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഫോൺ പൊലീസുകാരന്‍ വാങ്ങി അക്രമികൾക്ക് നല്‍കി. ഫോണ്‍ തിരിച്ചുവാങ്ങിയ അശ്വന്ത് മറ്റൊരു പൊലീസ് എയ്‌ഡ്‌പോസ്റ്റിലേക്ക് ഓടിക്കയറി. അവിടെവച്ച് ഒരു പൊലീസുകാരൻ ബൂട്ടിട്ട് ചവിട്ടുകയും ലാത്തികൊണ്ട് അടിക്കുകയും ചെയ്തു. ഹിന്ദി സംസാരിക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദനം. കുറ്റമേറ്റ് 20,000 രൂപ നൽകിയാൽ വെറുതേവിടാമെന്നും പറഞ്ഞു.
എസ്‌എഫ്‌ഐ പ്രവർത്തകര്‍ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ ഉള്‍പ്പെടെയുള്ളവര്‍ പൊലീസ് എയ്‌ഡ്‌പോസ്റ്റിലെത്തി. ഡിജിപിക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകിയെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വിദ്യാർഥികൾ പറഞ്ഞു. സിപിഐ എം രാജ്യസഭ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ് ഡൽഹി പൊലീസ് കമീഷറോട് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. വി ശിവദാസൻ എംപി ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.









0 comments