ലേഖനത്തെയല്ല, ഭയം വർഗീയതയെ ; ആർഎസ്‌എസിന് മറുപടിയായി ‘ദീപിക’ മുഖപ്രസംഗം

എസ് മനോജ്
Published on Apr 08, 2025, 02:37 AM | 1 min read
കോട്ടയം : കത്തോലിക്കാ സഭയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ലക്ഷ്യമിട്ട് ആർഎസ്‌എസ് മുഖപത്രം ‘ഓർഗനൈസർ’എഴുതിയ ലേഖനത്തിന് മറുപടിയുമായി ‘ദീപിക’ പത്രം. ആർഎസ്‌എസിന്റേത് നുണ ലേഖനമാണെന്നും ‘ലേഖനത്തെ ഭയമില്ല , വർഗീയതയെ ഭയമുണ്ട് ’എന്നും കത്തോലിക്കാ സഭാ മുഖപത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
വഖഫ് ബോർഡിനേക്കാൾ സ്വത്തുള്ള കത്തോലിക്കാ സഭ ഏറ്റവും വലിയ സർക്കാരിതര ഭൂ ഉടമയാണെന്നാണ് ഓർഗനൈസർ ആരോപിച്ചത്.
‘ആർഎസ്‌എസിന്റെ നുണ ലേഖനത്തെ ക്രൈസ്‌തവർക്ക് തരിമ്പും ഭയമില്ല. പക്ഷേ, ക്രൈസ്തവർ ആഭ്യന്തര ഭീഷണിയാണെന്ന് പറയുന്ന ആർഎസ്‌എസ് ലേഖനത്തിന്റെ പുകമറ സന്ദേശം അക്രമികളായ വർഗീയവാദികളിലേക്ക് എത്തിയേക്കാം. ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന ആ സന്ദേശത്തിന്റെ പേര് വർഗീയതയെന്ന് മാത്രമാണ്. അത് ഭയപ്പെടുത്തുന്നുണ്ട്’ എന്ന് മുഖപ്രസംഗം പറയുന്നു. ആർഎസ്‌എസ് ആശയങ്ങളും പ്രവൃത്തിയും ക്രൈസ്‌തവർ ഉൾപ്പെടെ ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും തുല്യ പൗരബോധത്തെയും പരിക്കേൽപ്പിക്കുകയാണെന്നും പറയുന്നു.
‘രാജ്യത്തെയാകെ ഭൂപ്രദേശത്തിന്റെ അഞ്ചിലൊന്നിലധികം (21 ശതമാനം ) സഭയുടേതാണെന്ന് ഓർഗനൈസർ ലേഖനം ആരോപിച്ചു. വഖഫ് ബോർഡിനുള്ളതിന്റെ 183 ഇരട്ടിയെന്നതും തെറ്റായ കണക്കാണ്. ബ്രിട്ടീഷുകാർ നൽകിയ സ്വത്തുവകകൾ സഭ കൈയടക്കിരിക്കുന്നുവെന്ന വർഗീയ–- തീവ്രവാദ സമൂഹ മാധ്യമ ആരോപണ ശൈലിയിലുള്ളതാണ് ആർഎസ്‌എസ് ലേഖനം.
മതപരിവർത്തനത്തിന് പ്രേരിപ്പിച്ചെന്ന് പരാതി കൊടുത്താൽ ഏതൊരു ക്രിസ്‌ത്യാനിയെയും ജയിലിൽ അടയ്‌ക്കാമെന്നും സ്ഥാപനം പൂട്ടിക്കാമെന്നും കുട്ടികൾവരെ ചിന്തിച്ചുതുടങ്ങി. ക്രൈസ്‌തവരെയും ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിക്കുന്നവരുടെ ഊർജസ്രോതസായി മാറിയ കേന്ദ്രസർക്കാരിന്റെ നിശബ്ദതയാണ് സ്ഥിതി ഗുരുതരമാക്കിയത്. ക്രിസ്‌മസ് കാലത്തെന്നപോലെ വിശുദ്ധ വാരം തുടങ്ങുമ്പോഴും ക്രൈസ്‌തവർ ഭീതിയിലാണ്’–- ദീപിക വിലയിരുത്തുന്നു.









0 comments