വധശിക്ഷകാത്ത് രാജ്യത്ത് 561 പേർ ; കേരളത്തിൽ 35 പേർ

2023ലെ കണക്കനുസരിച്ച് ഇന്ത്യയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരുടെ എണ്ണം 561 ആണ്. ഇതിൽ 14 പേരോളം സ്ത്രീകളാണ്. കഴിഞ്ഞ 20 വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. 2022ൽ 165ഉം 2023ൽ 120 വധശിക്ഷകളും വിചാരണക്കോടതികൾ വിധിച്ചു. എന്നാൽ 2000നുശേഷം മേൽക്കോടതികൾ ചുരുക്കം ചില വധശിക്ഷ മാത്രമാണ് ശരിവച്ചത്. വധശിക്ഷയ്‌ക്ക് വിധിച്ച 488 ഓളം കേസ് നിലവിൽ മേൽക്കോടതികളുടെ പരിഗണനയിലുണ്ട്. ഇന്ത്യയിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത് 2020ലാണ്. ഡൽഹി നിർഭയക്കേസിൽ പ്രതികളായ മുകേഷ്‌കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ്‌കുമാർ സിങ് (31) എന്നിവരെ 2020 മാർച്ച് 20ന് തിഹാർ ജയിലിൽ തൂക്കിലേറ്റി.
കേരളത്തിൽ 35 പേർ
ഷാരോൺ കൊലക്കേസിൽ ഗ്രീഷ്‌മയ്‌ക്ക് വധശിക്ഷ വിധിച്ചതോടെ സംസ്ഥാനത്തെ ജയിലുകളിൽ തൂക്കുകയർ വിധിക്കപ്പെട്ട് കഴിയുന്നത് 35 പേർ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ 23ഉം കണ്ണൂർ സെൻട്രൽ ജയിലിലും വിയ്യൂർ ജയിലിലും നാലു പേർ വീതവും വിയ്യൂർ അതീവ സുരക്ഷാ ജയിലിലും തിരുവനന്തപുരം വനിതാ ജയിലിലും രണ്ടുപേർ വീതവുമാണ് ശിക്ഷവിധിക്കപ്പെട്ട് കഴിയുന്നത്. വിധിവന്നശേഷം വർഷങ്ങളായി ജയിലിലുള്ള ഇവരിൽ പലരും ശിക്ഷാ ഇളവിനായി മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഗ്രീഷ്‌മയ്‌ക്ക് വധശിക്ഷ വിധിച്ചത്. 2024 മേയിൽ ഇതേ കോടതിതന്നെ അമ്മയും മകനും ഉൾപ്പെടെ മൂന്നുപേർക്ക് വധശിക്ഷ വിധിച്ചിരുന്നു. വിഴിഞ്ഞം മുല്ലൂരിൽ ശാന്തകുമാരിയെ കൊലപ്പെടുത്തിയ കേസിലാണ് റഫീക്ക, മകൻ ഷെഫീഖ്, അൽ അമീൻ എന്നിവരെ വധിശിക്ഷയ്‌ക്ക് വിധിച്ചത്. അമ്മയ്‌ക്കും മകനും വധശിക്ഷ ലഭിക്കുന്ന സംസ്ഥാനത്ത് ആദ്യ കേസാണ്. അപൂർവങ്ങളിൽ അപൂർവമായ കേസുകളിലാണ് വധശിക്ഷ വിധിക്കാറ്. എന്നാൽ വിചാരണക്കോടതിയുടെ പല വധശിക്ഷാവിധികളും മേൽക്കോടതി ഇളവുചെയ്യാറുണ്ട്.
അതേസമയം അപൂർവമായാണ് സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കുന്നത്. 34 വർഷം മുമ്പാണ് അവസാന വധശിക്ഷ നടപ്പാക്കിയത്. 14 പേരെ തലയ്‌ക്കടിച്ചുകൊന്ന റിപ്പർ ചന്ദ്രന്റെ വധശിക്ഷ 1991 ജൂലൈ ആറിന് കണ്ണൂർ സെൻട്രൽ ജയിലിൽ നടപ്പാക്കി.









0 comments