ഐ ബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും

sukant
വെബ് ഡെസ്ക്

Published on May 26, 2025, 08:37 PM | 2 min read

തിരുവനന്തപുരം: ഐബി ഉദ്യോ​ഗസ്ഥ ആത്മഹത്യ ചെയ്ത കേസിൽ കീഴടങ്ങിയ സുകാന്തിനെ ചൊവ്വാഴ്ച പേട്ട പൊലീസ് കോടതിയിൽ ഹാജരാക്കും. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഐ ബി ഉദ്യോഗസ്ഥനായിരുന്ന പ്രതി എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ കീഴടങ്ങിയത്. തിങ്കൾ ഉച്ചയോടെ കീഴടങ്ങിയ സുകാന്തിനെ, കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട സ്‌റ്റേഷനിൽനിന്നുള്ള പൊലീസ്‌ സംഘം കൊച്ചിയിലെത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.


മുമ്പ് ഫോണിൽ നിന്ന് ഇവരുടെ ടെലി​ഗ്രാം ചാറ്റുകളടക്കം വീണ്ടെടുത്തിരുന്നു. ഇതിൽ യുവതിയെ സുകാന്ത് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിരുന്നതായി വ്യക്തമായിരുന്നു. ഫോൺ പരിശോധന വഴി യുവതിക്കു പുറമെ മറ്റ് പല പെൺകുട്ടികളെയും സുകാന്ത് ചൂഷണം ചെയ്തെന്നും വ്യക്തമായിരുന്നു. മുമ്പ് ആത്മഹത്യ ചെയ്ത യുവതിയും സുകാന്തും തമ്മിലുള്ള ടെലി​ഗ്രാം ചാറ്റുകൾ പുറത്തുവന്നിരുന്നു. ഇതിൽ സുകാന്ത് യുവതിയോട് എപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് ചോദിക്കുന്നതടക്കമുള്ള ചാറ്റുകൾ ആത്മഹത്യ പ്രേരണയ്ക്കുള്ള തെളിവായി കോടതിയിൽ കാണിച്ചിരുന്നു.


കൊച്ചി വിമാനത്താവളത്തിലെ എമി​ഗ്രേഷൻ വിഭാ​ഗം ഉദ്യോഗസ്ഥനാണ് സുകാന്ത്. ഇയാൾക്കെതിരെ ബലാത്സം​ഗമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുകാന്ത്. യുവതിയുടെ ആത്മഹത്യയ്ക്ക് ശേഷം ഇയാൾ ഒളിവിലാണ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച്‌ 24നാണ്‌ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുണെ- കന്യാകുമാരി എക്‌സ്‌പ്രസ്‌ ട്രെയിൻ തട്ടിയായിരുന്നു മരണം. ഒരു വർഷം മുമ്പാണ് ഇവർ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന്‌ വിമാനത്താവളത്തിൽനിന്നു മടങ്ങിയതായിരുന്നു.


യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ സഹപ്രവർത്തകൻ സുകാന്തിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഉദ്യോ​ഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈം​ഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകൾ വ്യാജമായി നിർമിച്ച് സുകാന്ത് യുവതിയെ ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തിയത്.


​ഗർഭഛിദ്രം നടത്തിയതിനു ശേഷമാണ് സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. പെൺകുട്ടിയുടെ അമ്മയോടാണ് വിവാഹത്തിന് താൽപര്യമില്ലെന്നു പറഞ്ഞ് സന്ദേശമയച്ചത്. ഇതിന് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ അക്കൗണ്ടിൽ നിന്ന് പലതവണയായി പണം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. മൂന്നുലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ മാറ്റിയത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് സുകാന്തിനെതിരെ കേസടുത്തത്.



deshabhimani section

Related News

View More
0 comments
Sort by

Home