പ്രസവത്തെത്തുടർന്ന് മരണം: സംഘർഷത്തിൽ 11 പേർക്ക് പരിക്ക്

പെരുമ്പാവൂർ : പ്രസവത്തെത്തുടർന്ന് ചികിത്സ ലഭിക്കാതെ ദുരൂഹസാഹചര്യത്തിൽ മരിച്ച അസ്മയുടെ മൃതദേഹം അറയ്ക്കപ്പടിയിലെ കൊപ്രമ്പിൽ വീട്ടിലെത്തിച്ചപ്പോൾ സംഘർഷം. പ്രസവത്തിൽ യുവതി മരിച്ചിട്ടും ഭർത്താവ് സിറാജുദീൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാതെ ആംബുലൻസിൽ കയറ്റി മലപ്പുറത്തുനിന്ന് ദീർഘദൂരം യാത്രചെയ്ത് കൊണ്ടുവന്നത് അസ്‌മയുടെ ബന്ധുക്കൾ ചോദ്യംചെയ്യുകയായിരുന്നു. സംഘർഷത്തിൽ സിറാജുദീൻ ഉൾപ്പെടെ ആറുപേർക്കും അസ്മയുടെ ബന്ധുക്കളായ നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർക്കുമാണ് പരിക്കേറ്റത്.
ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്തെ ആശുപത്രിയിലും പൊലീസിനെയും അറിയിക്കാതെ ഖബറടക്കം ഭാര്യവീട്ടിൽ നടത്താനായി സിറാജുദീനും സംഘവും എത്തിയതാണ് സംഘർഷത്തിനിടയാക്കിയത്. ആംബുലൻസിൽ സ്ത്രീകൾ ഉണ്ടായിരുന്നില്ല. മൃതദേഹത്തോടൊപ്പം, ഉണങ്ങിയ ചോരപ്പാടുകളുമായി വീട്ടിലെത്തിച്ച കുഞ്ഞിനെ അസ്മയുടെ ബന്ധുക്കളാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അയൽവാസികൾപോലും പ്രവസവവും മരണവിവരവും അറിഞ്ഞിരുന്നില്ല. കേസും പോസ്റ്റ്‌മോർട്ടവുമില്ലാതെ ഖബറടക്കം നടത്താനാണ് സിറാജുദീൻ മൃതദേഹം പെരുമ്പാവൂരിലെത്തിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഘർഷത്തിൽ ആർക്കും കാര്യമായ പരിക്കില്ല. മൃതദേഹം കൊണ്ടുവന്ന ആംബുലൻസും അവരുടെ മൊബൈൽ ഫോണുകളും നാട്ടുകാർ പിടിച്ചെടുത്ത് പൊലീസിന് കൈമാറി.









0 comments