ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൽപ്പറ്റ: കോൺഗ്രസ് നിയമന കോഴയിൽ കുടുങ്ങി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എൻ എം വിജയന്റെ മകൻ വിജേഷിന്റ ഭാര്യ പത്മജയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിൽ വച്ചാണ് ആത്മഹത്യാ ശ്രമം. പത്മജയുടെ മക്കൾ മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഉടനെ പത്മജയെ ആശുപത്രിയിലെത്തിച്ചു. ഇപ്പോൾ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പത്മജയുടെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി. കൊലയാളി കോൺഗ്രസിന് ഒരു ഇര കൂടി എന്ന് കുറിച്ചതിന് ശേഷമാണ് പത്മജ ജീവനൊടുക്കാൻ ശ്രമിച്ചത്.
ഞങ്ങൾ മരിച്ചാൽ മാത്രമേ പാർട്ടിക്ക് നീതി തരാൻ കഴിയുള്ളൂ എന്നുണ്ടോ? എന്ന് ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ പത്മജ ചോദിച്ചിരുന്നു. എൻ എം വിജയന്റെ എല്ലാ ബാധ്യതകളും തീർക്കുമെന്ന് പറഞ്ഞ് കബളിച്ചുവെന്നുംമക്കളുമായി കെപിസിസി ആസ്ഥാനത്ത് നിരാഹാരമിരിക്കുമെന്നും അവർ പറഞ്ഞിരുന്നു.
വിജയന്റെ മകൻ പക്ഷാഘാതം വന്ന് ചികിത്സയിൽ കഴിയുകയാണ്. തന്റെ ഭർത്താവിനെ രോഗിയാക്കി മാറ്റിയത് കോൺഗ്രസാണ്. വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. താൻ പിടിച്ചുനിൽക്കുന്നത് കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നതെന്നും പത്മജ പറഞ്ഞിരുന്നു.









0 comments