പുനഃസംഘടന: ‘സമന്വയ തന്ത്ര’ത്തിൽ അതൃപ്തി

dcc clash
avatar
ആർ രാജേഷ്‌

Published on Aug 12, 2025, 01:40 AM | 1 min read


പത്തനംതിട്ട

കോൺഗ്രസ്‌ പുനഃസംഘടയിൽ ‘സമന്വയത്തിന്റെ പാതകാട്ടി’ പാർടി പിടിക്കാനുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ശ്രമത്തിൽ അതൃപ്‌തി അറിയിച്ച്‌ നേതാക്കൾ. ഡിസിസി ഭാരവാഹിയെ ചൊല്ലി തർക്കമുള്ളിടത്തെല്ലാം സ്വന്തക്കാരെ തിരുകാനുള്ള ശ്രമമാണ്‌ പുതിയ അടിക്ക്‌ കോപ്പൊരുക്കുന്നത്‌.


ആലപ്പുഴ, ഇടുക്കി, വയനാട്‌, ജില്ലകളിൽ പുതിയ ആൾ വരണമെന്ന നിലപാടിനാണ്‌ മുൻതൂക്കം. പത്തനംതിട്ട, കോട്ടയം, കൊല്ലം, പാലക്കാട്‌, കാസർകോട്‌ ജില്ലകളിലാണ്‌ തർക്കം രൂക്ഷം. തിരുവനന്തപുരവും എറണാകുളവും സതീശൻ ആവശ്യപ്പെട്ടെങ്കിൽ രമേശ്‌ ചെന്നിത്തല ആലപ്പുഴയ്‌ക്കും കെ സുധാകരൻ കണ്ണൂരിനുമായി അവകാശവാദമുന്നയിച്ചു. നിലവിലെ സാഹചര്യത്തിൽ അതും ഇവർക്ക്‌ നഷ്ടപ്പെടാനാണ്‌ സാധ്യത.


തിരുവനന്തപുരത്ത്‌ സതീശൻ നിർദേശിച്ച ചെമ്പഴന്തി അനിൽസാമ്പത്തിക കുറ്റകൃത്യകേസിൽ ഉൾപ്പെട്ടതിനാൽ ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള എൻ ശക്തൻ തുടരട്ടേയെന്നാണ്‌ ഒരുവിഭാഗത്തിന്റെ വാദം. വേണുഗോപാലിന്റെ ബുദ്ധിയാണ്‌ ഇതിനുപിന്നിലെന്നാണ്‌ സതീശനൊപ്പമുള്ളവർ പറയുന്നത്‌. എറണാകുളത്ത്‌ മുഹമ്മദ്‌ ഷിയാസ്‌ മാറേണ്ടെന്ന്‌ പറയുന്നതും സതീശന്റെ നോമിനിയെ വെട്ടാനാണ്‌.


ആലപ്പുഴയിൽ പ്രസിഡന്റ്‌ അഡ്വ. ബാബുപ്രസാദ്‌, രമേശ്‌ ചെന്നിത്തലയുടെ നോമിനിയാണ്‌. പകരക്കാരൻ തന്റെയാൾ തന്നെ ആകണമെന്നും ബാബുപ്രസാദിന്‌ കെപിസിസി ഭാരവാഹിത്വം നൽകണമെന്നുമാണ്‌ ചെന്നിത്തലയുടെ ആവശ്യം. എന്നാൽ കെ പി ശ്രീകുമാറിന്റെ പേര്‌ ഉയർത്തി വേണുഗോപാൽ ഇതിനും ചെക്ക്‌ വച്ചു.


കണ്ണൂരിൽ മാർട്ടിൻ ജോർജിനെ മാറ്റാൻ നടത്തുന്ന നീക്കത്തിനെതിരെ കഴിഞ്ഞദിവസം കെ സുധാകരൻ രംഗത്തുവന്നിരുന്നു. രാജീവൻ എളയാവൂരിനെയാണ്‌ കെ സി വേണുഗോപാൽ നിർദേശിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home