കെറ്റാമെലോൺ കേസ് ; പ്രതികളെ കസ്റ്റഡിയില്‍ വിട്ടു , രാജ്യാന്തരബന്ധം അന്വേഷിക്കണമെന്ന് എൻസിബി

ഡാർക്ക്നെറ്റ് വഴി ലഹരിക്കച്ചവടം നടത്തിയ പ്രതികളായ അരുൺ തോമസ്, എഡിസൺ ബാബു എന്നിവരെ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കുന്നു
കൊച്ചി
കെറ്റാമെലോൺ ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലവഴിയുള്ള ലഹരിവിൽപ്പനയിൽ അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു, കൂട്ടാളി അരുൺ കെ തോമസ്, മറ്റൊരു കേസിൽ അറസ്റ്റിലായ കെ വി ഡിയോൾ എന്നിവരെ നാലു ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടു. എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി കെ എൻ അജിത്‌കുമാറാണ് അപേക്ഷ പരിഗണിച്ചത്.
കെറ്റാമെലോണ്‍ ഡാര്‍ക്ക്‌നെറ്റ് വഴി കോടികളുടെ ലഹരിയിടപാടുകൾ നടത്തിയ എഡിസണ്‍ ബാബുവിനെയും അരുണിനെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എൻസിബി കസ്‌റ്റഡി അപേക്ഷയിൽ പറഞ്ഞു. രാജ്യാന്തര ബന്ധങ്ങളുള്ള കേസാണിത്. പ്രതികൾ യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലുള്ളവരുമായി ബന്ധം പുലർത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന വിവരങ്ങളും ലഭിച്ചു. കൂടുതല്‍ വിശദാംശങ്ങൾ ശേഖരിക്കണമെന്നും അതിനായി ഇരുവരേയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും എന്‍സിബി കൊച്ചി യൂണിറ്റ് ചൂണ്ടിക്കാട്ടി.
എഡിസൺ ബാബുവിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത പെൻഡ്രൈവ്, ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽനിന്ന് വിവരങ്ങൾ എടുക്കണം. ഇതിനായി ഇരുവരുടെയും സാന്നിധ്യം ആവശ്യമാണ്. ഇരുവരും ഏതൊക്കെ പോസ്റ്റ് ഓഫീസുകള്‍വഴിയാണ് ലഹരിയിടപാടുകള്‍ നടത്തിയതെന്നും കണ്ടെത്തണം. ഡാര്‍ക്ക് വെബില്‍ രഹസ്യകോഡുകളിലൂടെയായിരുന്നു ലഹരിയിടപാടുകള്‍. അത് മനസ്സിലാക്കാന്‍ കസ്റ്റഡി ആവശ്യമാണെന്നും എന്‍സിബി അറിയിച്ചു. ഇതുപരിഗണിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
നാലുമാസം നീണ്ട ‘മെലോൺ’ ദൗത്യത്തിനൊടുവിലാണ് എൻസിബി കെറ്റാമെലോൺ ശൃംഖല തകർത്ത് എഡിസനെയും അരുണിനെയും പിടികൂടിയത്. ഓസ്‌ട്രേലിയയിലേക്ക് കെറ്റമിൻ കടത്തിയതിനാണ് ഡിയോളിനെയും ഭാര്യ അഞ്‌ജുവിനെയും അറസ്‌റ്റ് ചെയ്‌തത്. വാഗമണ്ണിലെ റിസോർട്ട് ഉടമയാണ് ഡിയോൾ. എഡിസൺ ബാബു, അരുൺ തോമസ്, ഡിയോളും സഹപാഠികളാണെന്നും മൂവരും ചേർന്ന് ലഹരിയിടപാടുകൾ നടത്തിയതായും കണ്ടെത്തിയിരുന്നു. 2023-ൽ കൊച്ചി വിദേശ പോസ്റ്റ് ഓഫീസിൽ പിടിച്ചെടുത്ത കെറ്റാമിനുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഡിയോളും ഭാര്യയും പിടിയിലായത്.









0 comments