സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു

തിരുവനന്തപുരം: കനത്ത മഴ ലഭിച്ചതോടെ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ ഡാമുകളിൽ പലതും മുൻകരുതലായി നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്കൊഴുക്കി തുടങ്ങി. മലയോര മേഖലകളിലടക്കം മഴ തുടരുന്നതിനാൽ പൊതുജനങ്ങൾക്ക് നെയ്യാർ ഡാം അധികൃതർ ഒന്നാംഘട്ട മുന്നറിയിപ്പ് നൽകി. 84.75 മീറ്റർ പരമാവധി ജലനിരപ്പുള്ള നെയ്യാർ ഡാമിൽ 83.37ലേക്ക് ജലനിരപ്പ് ഉയർന്നു. തൃശൂരിലെ പെരിങ്ങൽക്കുത്ത് ഡാമിന്റെ പരമാവധി സംഭരണശേഷി 423.98 മീറ്ററാണ്. 420.60 മീറ്ററിലേക്ക് ജലനിരപ്പ് ഉയർന്നു. വരും ദിവസങ്ങളിൽ മഴ തുടർന്നാൽ ഷട്ടറുകൾ ഉയർത്തിയേക്കും.
തൃശൂർ ജില്ലയിലെ പീച്ചി, പെരിങ്ങൽകുത്ത്, പാലക്കാട് ജില്ലയിൽ ശിരുവാണി, കാഞ്ഞിരംപുഴ, മലമ്പുഴ, പോത്തുണ്ടി, മൂലത്തറ ഡാമുകളും കല്ലട (കൊല്ലം), മലങ്കര (ഇടുക്കി), ഭൂതത്താൻകെട്ട് (എറണാകുളം), കുറ്റിയാടി (കോഴിക്കോട്), കാരാപ്പുഴ (വയനാട്), പഴശി(കണ്ണൂർ) ഡാമുകളും നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മലങ്കരയിൽ 39.84മീറ്റർ, കാഞ്ഞിരംപുഴ(92.10), മൂലത്തറ (181.80), കുറ്റിയാടി (39.32), പഴശി(22.90) ഡാമുകളിൽ വെള്ളം പരമാവധി ജലനിരപ്പിന് അടുത്തെത്തി. ഇടുക്കിയിലെ കല്ലാർകട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പത്തനംതിട്ടയിലെ മൂഴിയാർ ഡാമുകൾക്ക് റെഡ് അലർട്ടും ഇടുക്കിയിലെ പൊന്മുടി ഡാമിന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ച് ഒന്നുമുതൽ മെയ് 28 വരെ ലഭിക്കുന്ന മഴയേക്കാൾ 289.7 മി.മീറ്റർ അധിക മഴ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചത്. കുറവ് തിരുവനന്തപുരത്താണ്.









0 comments