വകുപ്പുതല അന്വേഷണം: മന്ത്രി കേളു
ദളിത് യുവതിക്ക് മാനസിക പീഡനം: എസ്ഐക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം
ദളിത് യുവതി ആർ ബിന്ദുവിനെ (39) രാത്രിയിൽ നിയമവിരുദ്ധമായി കസ്‌റ്റഡിയിൽവച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട എസ്ഐ എസ് ജി പ്രസാദിനെ സിറ്റി പൊലീസ് കമീഷണർ തോംസൺ ജോസ് സസ്‌പെൻഡ് ചെയ്‌തു. എസ്ഐയുടെ ഭാഗത്ത് ഗുരുതര വീഴ്‌ചയുണ്ടെന്ന് സിറ്റി ജില്ലാ സെപ്‌ഷ്യൽ ബ്രാഞ്ച് കണ്ടെത്തി.
പ്രാഥമിക അന്വേഷണം നടത്താതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് ബിന്ദുവിനെതിരെ കേസെടുത്തതെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്. ബിന്ദുവിനെ അപമാനിച്ച മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. സ്‌റ്റേഷനിലെ സിസിടിവി കാമറ പരിശോധിക്കും.
മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ബിന്ദു നൽകിയ പരാതിയിൽ അന്വേഷണത്തിന് കന്റോൺമെന്റ് അസി. കമീഷണറെയും വകുപ്പുതല അന്വേഷണത്തിന് ശംഖുമുഖം അസി. കമീഷണറെയും നിയോഗിച്ചു. രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം.
ജോലിക്കുനിന്ന കുടപ്പനക്കുന്ന് എൻസിസി റോഡിലെ വീട്ടിൽനിന്ന് 18 ഗ്രാമിന്റെ മാല ബിന്ദു മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടുടമ ഓമന ഡാനിയേൽ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. വീട്ടിൽനിന്നുതന്നെ മാലകിട്ടിയതോടെ ബിന്ദുവിനെതിരെയെടുത്ത എഫ്ഐആർ പൊലീസ് പിന്നീട് റദ്ദാക്കി.
വകുപ്പുതല അന്വേഷണം: മന്ത്രി കേളു
ജോലിക്കുനിന്ന വീട്ടിൽനിന്ന് സ്വർണമാല മോഷ്ടിച്ചെന്ന പരാതിയിൽ തിരുവനന്തപുരം നെടുമങ്ങാട് പനവൂർ സ്വദേശി ആർ ബിന്ദുവിനെ (39) കസ്റ്റഡിയിലെടുത്ത പേരൂർക്കട പൊലീസിന്റെ നടപടിയിൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. പൊലീസിൽനിന്ന് റിപ്പോർട്ട് ആവശ്യശപ്പടും.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായെന്ന യുവതിയുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇതും പരിശോധിക്കും. സ്ത്രീയെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത പൊലീസിന്റെ നടപടി സാഹസമാണ്. സംഭവിക്കാൻ പാടില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു.







0 comments