ബാബ്‌റി മസ്ജിദ് കേസ് ; സ്വന്തം ബെഞ്ചിന്റെ കണ്ടെത്തല്‍ നിഷേധിച്ച് ഡി വൈ ചന്ദ്രചൂഡ്

ന്യൂഡൽഹി
രാജ്യത്തിന്റെ മതനിരപേക്ഷ മനസ്സിന് തീരാമുറിവായി മാറിയ ബാബ്‌റി മസ്ജിദ് ധ്വംസനത്തിലെ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയിലെ കണ്ടെത്തല്‍ നിഷേധിച്ച് ബെഞ്ചംഗമായിരുന്ന മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അയോധ്യയില്‍ ബാബ്‌റി മസ്‌ജിദ് സ്ഥാപിച്ചതാണ് അടിസ്ഥാനപരമായി ഹീനമായ പ്രവൃത്തിയെന്ന് ‘ന്യൂസ്‌ലോൺഡ്രി’യിലെ ശ്രീനിവാസൻ ജയിന് നൽകിയ അഭിമുഖത്തിൽ ചന്ദ്രചൂഡ് പറഞ്ഞു. ബാബ്‌റി കേസിലെ വിധിന്യായത്തിലെ കണ്ടെത്തലുകൾക്ക് വിരുദ്ധമാണ് പരാമർശം.
മസ്‌ജിദിനുള്ളിൽ 1949ൽ വിഗ്രഹ പ്രതിഷ്‌ഠ നടത്തിയത് ഹീനമായ പ്രവൃത്തിയല്ലേയെന്ന ചോദ്യത്തോടാണ് മസ്‌ജിദ് സ്ഥാപിച്ചതാണ് അടിസ്ഥാനപരമായി ഹീനമായ പ്രവൃത്തിയെന്ന് ചന്ദ്രചൂഡ് പ്രതികരിച്ചത്. ക്ഷേത്രം തകർത്താണ് മസ്‌ജിദ് പണിതെന്ന വാദത്തിന് തെളിവില്ലെന്ന് 2019ലെ വിധി വ്യക്തമായി പറയുന്നുണ്ടെന്ന് അഭിമുഖകാരന്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാനഘടനയും മസ്‌ജിദും തമ്മിൽ നൂറ്റാണ്ടുകളുടെ ഇടവേളയുണ്ടെന്ന വിധിയിലെ ഭാഗവും ഉദ്ധരിച്ചു. എന്നാൽ, താന്‍കൂടി പുറപ്പെടുവിച്ച വിധിക്ക് കടകവിരുദ്ധമായ വാദത്തിൽ ചന്ദ്രചൂഡ് ഉറച്ചുനിന്നു.
തെളിവില്ലന്ന് മാധ്യമപ്രവര്‍ത്തകന്‍ ആവർത്തിച്ചപ്പോൾ വിധി വായിക്കാത്തവരാണ് അതിനെ വിമർശിക്കുന്നതെന്നായി ചന്ദ്രചൂഡ്. ഇരുപക്ഷത്തിനും ഭൂമി പകുത്തു നൽകാമായിരുന്നില്ലേയെന്ന ചോദ്യത്തിന് ആളുകൾക്ക് സമാധാനത്തോടെ ജീവിക്കാമായിരുന്നുവെങ്കിൽ കോടതിയുടെ രാഷ്‌ട്രതന്ത്രം വേണ്ടിവരില്ലായിരുന്നുവെന്ന് ചന്ദ്രചൂഡ് മറുപടി നൽകി. ജ്ഞാൻവാപി മസ്ജിദില്‍ സർവേയ്ക്ക് അനുമതി നൽകിയത് ആരാധനാലയ നിയമം നിലനിൽക്കേയല്ലേയെന്ന ചോദ്യത്തിന് ജ്ഞാൻവാപി അടഞ്ഞ അധ്യായമല്ലെന്ന് ചന്ദ്രചൂഡ് പ്രതികരിച്ചു. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ തീരുമാനം ശരിവച്ച വിധിയെയും ചന്ദ്രചൂഡ് ന്യായീകരിച്ചു.









0 comments