സൈബർ തട്ടിപ്പ് ; പ്രതിയെ ഔറംഗബാദിൽനിന്ന് സാഹസികമായി പിടികൂടി

അഭിമന്യു കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ (പ്രതി ഇടത്തുനിന്ന് മൂന്നാമത് )
വടകര
സൈബർ തട്ടിപ്പുകേസിലെ പ്രധാന പ്രതിയെ ബിഹാറിൽനിന്ന് സാഹസികമായി പിടികൂടി ചോമ്പാല പൊലീസ്. ഔറംഗബാദിലെ മാലിയിൽനിന്ന് സർദിഹ നബി നഗറിലെ അഭിമന്യു കുമാർ (22) ആണ് പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെ ലോൺ പരസ്യം നൽകി അഴിയൂർ സ്വദേശിനിയുടെ പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഫോൺ ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കുകയും പിന്നീട് കൂടുതൽ പണം ആവശ്യപ്പെടുകയുമായിരുന്നു. പണം അയച്ച് നൽകാത്തതോടെ യുവതിയുടെയും 13 വയസ്സുള്ള മകളുടെയും ഫോട്ടോ മോർഫ് ചെയ്ത് നഗ്ന ഫോട്ടോ നിർമിച്ച് ഭീഷണിപ്പെടുത്തി.
യുവതി നൽകിയ പരാതിയിൽ ചോമ്പാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ബാങ്ക് അക്കൗണ്ടുകളും മൊബെൽ നമ്പറും സമൂഹമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് എസ്‌ഐ ജെഫിൻ രാജുവിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി ടി സജിത്ത്, സിവിൽ പൊലീസ് ഓഫീസർ എം കെ രാജേഷ് എന്നിവരടങ്ങിയ അന്വേഷകസംഘം ബിഹാറിലെത്തി മാലി പൊലീസിന്റെ സഹായത്തോടെ പ്രതിയുടെ വീട് കണ്ടെത്തി. അർധരാത്രിയിൽ ആയുധങ്ങളേന്തിയ ഇരുപതോളം സായുധ സേനാംഗങ്ങൾക്കൊപ്പം കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.
മട്ടാഞ്ചേരിയിൽ വീട്ടമ്മയ്‌ക്ക് നഷ്ടപ്പെട്ടത് 2.88 കോടി
‘വെർച്വൽ അറസ്‌റ്റ്’ തട്ടിപ്പ്‌വഴി മട്ടാഞ്ചേരിയിലെ വീട്ടമ്മയിൽനിന്ന് കവർന്നത് 2.88 കോടി രൂപ. മട്ടാഞ്ചേരി ആനവാതിൽ സ്വദേശിയായ 51കാരിയാണ് ഇര. മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ കോടതിയും ജഡ്ജിയെയും സാക്ഷിയെയുമൊരുക്കി രണ്ടുമാസംകൊണ്ടായിരുന്നു തട്ടിപ്പ്. ജൂലൈയിലാണ് മുംബൈ തിലക് നഗർ പൊലീസ് സ്‌റ്റേഷനിൽനിന്ന് സന്തോഷ് റാവു എന്ന് പരിചയപ്പെടുത്തി വീട്ടമ്മയ്‌ക്ക് ആദ്യകോൾ വന്നത്. ജെറ്റ് എയർവേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ പങ്കുണ്ടെന്നും കേസെടുത്തെന്നും ഭീഷണിപ്പെടുത്തി. മുംബൈയിൽ വീട്ടമ്മയുടെ പേരിലുള്ള രണ്ടുകോടിയുടെ അക്കൗണ്ട് കണ്ടെത്തിയെന്നും അറിയിച്ചു. ഇതിലെ 25 ലക്ഷം രൂപ കമീഷനാണെന്ന് കണ്ടെത്തിയെന്ന് തട്ടിപ്പുസംഘം പറഞ്ഞു.
വെർച്വൽ അറസ്റ്റ് ചെയ്‌തെന്ന് തെറ്റിദ്ധരിപ്പിച്ച് ‘വ്യാജ ഓൺലൈൻ കോടതി’യിൽ ഹാജരാക്കിയും ഭീഷണി തുടർന്നു. ജഡ്ജിയുടെയും വക്കീലിന്റെയും വേഷമണിഞ്ഞും തട്ടിപ്പുകാരെത്തി. സാക്ഷിയായി എത്തിയ അഗർവാൾ എന്ന സ്ത്രീ വീട്ടമ്മയ്‌ക്ക് ഇടപാടിൽ പങ്കുണ്ടെന്ന് ആരോപിച്ചു. അക്കൗണ്ടിലെ പണം കൈമാറിയാൽ കേസിൽനിന്ന് ഒഴിവാക്കാമെന്നും സംഘം നിര്‍ദേശിച്ചു.
ഇതോടെ വീട്ടമ്മയുടെയും ഭർത്താവിന്റെയും അക്കൗണ്ടിൽനിന്ന് ജൂലൈ 14 മുതൽ ആഗസ്‌ത് 11 വരെ വിവിധ അക്കൗണ്ടുകളിലേക്ക് 12 തവണയായി പണം കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ സ്വർണം പണയംവച്ച് 62 ലക്ഷം രൂപയും നൽകി. വൻതുക പിൻവലിക്കുന്നത് ആശുപത്രി ആവശ്യങ്ങൾക്കാണെന്ന് ബാങ്കിൽ പറയണമെന്നും നിർദേശിച്ചിരുന്നു. കേസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അടുത്ത സ്റ്റേഷനിൽ എത്തിയാൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടുമെന്നും പണം മുഴുവൻ തട്ടിയെടുത്തശേഷം, വീട്ടമ്മയെ അറിയിച്ചു. സർട്ടിഫിക്കറ്റ് വാങ്ങാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് അറിഞ്ഞത്. സാക്ഷി അഗർവാൾ, സന്തോഷ് റാവു, വിജയ് ഖന്ന, സഞ്‌ജയ് ഖന്ന, ശിവ സുബ്രഹ്മണ്യം എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
26 കോടിയുടെ സൈബർ തട്ടിപ്പ് ; പിന്നിൽ മലയാളികളെന്ന് സംശയം, കോൾസെന്റർ സൈപ്രസിൽ
ഓൺലൈൻ ട്രേഡിങ്ങിലൂടെ എറണാകുളം സ്വദേശിയിൽനിന്ന് 26 കോടി രൂപ തട്ടിയെടുത്തത് യൂറോപ്യന്‍ രാജ്യമായ സൈപ്രസിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കാലിഫോര്‍ണിയയിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇടപാടുകാരെ സമീപിക്കുന്ന കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത് സൈപ്രസിലാണ്. സംഘത്തില്‍ മലയാളികളുണ്ടെന്ന് സംശയിക്കുന്നു. ടെലിഗ്രാംവഴി ‘കാപിറ്റലിക്സ്’ എന്ന വ്യാജ ട്രേഡിങ് സൈറ്റിന്റെയും ആപ്പിന്റെയും മറവിലായിരുന്നു തട്ടിപ്പ്. 41കാരനാണ് ഇര. ആദ്യഘട്ടത്തിൽ ഒന്നരക്കോടി രൂപ ലാഭവിഹിതമായി പരാതിക്കാരന് തിരികെ കിട്ടി. ഇതിൽ വിശ്വസിച്ച് 25 കോടി രൂപയോളം വീണ്ടും നിക്ഷേപിച്ചു.
ലാഭവിഹിതവും നിക്ഷേപവും തിരികെലഭിക്കാതെ വന്നതോടെയാണ് പൊലീസിൽ അറിയിച്ചത്. കൊച്ചി സിറ്റി സൈബർ സെൽ പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.
വാട്‌സാപ് വഴിയാണ് പ്രതികൾ ആദ്യം ബന്ധപ്പെട്ടത്. പിന്നീട് ടെലിഗ്രാംവഴി സമ്പർക്കം പുലർത്തി. വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്‌ക്ക് വാങ്ങിനൽകാമെന്നും വൻതുക ലാഭമായി ലഭിക്കുമെന്നുമായിരുന്നു വാഗ്ദാനം.









0 comments