സൈബർ കെണി ; തട്ടിയത്‌ 351 കോടി; 
തിരിച്ചുപിടിച്ചത്‌ 54.79 കോടി

Cyber Scam
avatar
സുജിത്‌ ബേബി

Published on Jul 04, 2025, 02:50 AM | 1 min read


കോഴിക്കോട്‌

ആറുമാസത്തിനിടെ സൈബർ തട്ടിപ്പിലൂടെ നഷ്ടമായ തുകയിൽ കേരളം തിരികെ പിടിച്ചത്‌ 54.79 കോടി രൂപ. വ്യാഴം വരെയുള്ള കണക്കനുസരിച്ച്‌ സംസ്ഥാനത്ത്‌ സൈബർ കുറ്റവാളികൾ തട്ടിയെടുത്തത്‌ 351 കോടി രൂപയാണ്‌. തട്ടിപ്പെന്ന്‌ തിരിച്ചറിഞ്ഞയുടൻ സൈബർ പൊലീസിൽ പരാതി നൽകിയവരിൽ ഭൂരിഭാഗത്തിന്റെയും പണം വീണ്ടെടുക്കാനായി. 764 കോടി രൂപയാണ്‌ 2024ൽ നഷ്ടമായത്‌. 2021ൽ ഇത്തരത്തിൽ നഷ്ടമായത്‌ പത്തുകോടി മാത്രമായിരുന്നു.


ഈ വർഷം ആറുമാസത്തിനകം 19,972 സൈബർ തട്ടിപ്പ്‌ പരാതിയാണ്‌ ലഭിച്ചത്‌. 2024ൽ ആകെ 41,434 പരാതികളായിരുന്നു. മലപ്പുറത്താണ്‌ പരാതി കൂടുതൽ –- 2892. കുറവ്‌ വയനാട്ടിൽ–- 637. എറണാകുളം സിറ്റി 2268, പാലക്കാട്‌ 2226, എറണാകുളം റൂറൽ 2086, തിരുവനന്തപുരം സിറ്റി 1736 എന്നിവിടങ്ങളിലും പരാതി കൂടുതലാണ്‌.


സമൂഹമാധ്യമങ്ങളിലും ഇ മെയിലിലും പരസ്യം നൽകിയും മറ്റും നടത്തുന്ന തട്ടിപ്പിലാണ്‌ അധികമാളുകൾ കുടുങ്ങിയത്‌. 2362 പേർക്ക്‌ ‘പരസ്യ ലിങ്കുകളിൽ’ കയറി പണം പോയി. എന്നാൽ, ഏറ്റവുമധികം പണം നഷ്ടമായത്‌ ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പിലൂടെയാണ്‌–- 1769 പേർക്കായി 151 കോടി രൂപ. വായ്‌പാ തട്ടിപ്പ്‌ (1,929), ടാസ്ക്‌ സ്കാം (1,608), ഫിഷിങ്‌ (1,316), ഓൺലൈൻ തൊഴിൽ (1,057) തട്ടിപ്പുകളിൽ കുടുങ്ങി പണം നഷ്ടമായവരുടെ എണ്ണവും കൂടുതൽ. ട്രേഡിങ്‌ തട്ടിപ്പിന്‌ ഇരയാകുന്നവർ പണം നഷ്ടമാകുന്നത്‌ ഉടൻ മനസ്സിലാക്കുന്നില്ലെന്നതാണ്‌ പ്രതിസന്ധി. നിക്ഷേപത്തിന്‌ അനുസൃതമായി അക്കൗണ്ടിൽ വർധന കാണിക്കും. മാസങ്ങൾ കഴിഞ്ഞ്‌ പിൻവലിക്കാൻ ശ്രമിക്കുമ്പോഴാകും പണം പോയത്‌ തിരിച്ചറിയുക.


തട്ടിപ്പ്‌ അറിഞ്ഞാൽ 
വിളിക്കണം

കെണിയിൽ കുരുങ്ങിയെന്ന്‌ മനസ്സിലാക്കിയാലുടൻ ഹെൽപ്പ്‌ലൈൻ നമ്പർ 1930ൽ വിളിച്ചറിയിക്കണമെന്ന്‌ സൈബർ പൊലീസ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home