സൈബർ കുറ്റവാളികൾ ജാഗ്രതൈ; വരുന്നു, പത്ത്‌ ലക്ഷം ഡിജിറ്റൽ വളണ്ടിയർ

CYBER
avatar
റഷീദ്‌ ആനപ്പുറം

Published on Aug 27, 2025, 12:06 PM | 2 min read

കേരളത്തെ സൈബർ-സുരക്ഷിതവും ഡിജിറ്റൽ ജാഗ്രതയുള്ളതുമായ ഒരു സമൂഹമാക്കി മാറ്റുകയാണ്‌ സീറോ സൈബർ ക്രൈം കേരളയുടെ മുഖ്യ ലക്ഷ്യം. ഇതിനായി തെരഞ്ഞെടുക്കുന്ന ഡിജിറ്റൽ വോളന്റിയർമാർക്ക്‌ പ്രത്യേക പരിശീലനം നൽകും.


തിരുവനന്തപുരം : സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരളത്തിൽ പത്ത്‌ ലക്ഷം ഡിജിറ്റൽ വളണ്ടിയർമാർ വരുന്നു. സംസ്ഥാനത്തിന്റെ ഡിജിറ്റൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി തദ്ദേശ ഭരണ വകുപ്പ്‌ ആരംഭിക്കുന്ന ‘സീറോ സൈബർ ക്രൈം കേരളം’ പദ്ധതിയുടെ ഭാഗമായാണ്‌ ഡിജിറ്റൽ വളണ്ടിയർമാരെ നിയോഗിക്കുന്നത്‌. സൈബർ സുരക്ഷാ ചാമ്പ്യന്മാരായി പ്രവർത്തിക്കുന്ന വളണ്ടിയർമാർ ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയാൻ പ്രാദേശിക തലത്തിൽ ഇടപെടും. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്‌ആർ) ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക. രാജ്യത്തിന്‌ മാതൃകയായ ഡിജി കേരള പദ്ധതിയുടെ ഭാഗമായാണ്‌ പുതിയ കാൽവെയ്‌പ്‌.

കേരളത്തെ സൈബർ-സുരക്ഷിതവും ഡിജിറ്റൽ ജാഗ്രതയുള്ളതുമായ ഒരു സമൂഹമാക്കി മാറ്റുകയാണ്‌ സീറോ സൈബർ ക്രൈം കേരളയുടെ മുഖ്യ ലക്ഷ്യം. ഇതിനായി തെരഞ്ഞെടുക്കുന്ന ഡിജിറ്റൽ വളണ്ടിയർമാർക്ക്‌ പ്രത്യേക പരിശീലനം നൽകും. സൈബർ വിദഗ്ധരുടെ സഹായത്തോടെ സ്കൂളുകൾ, കോളേജുകൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നാകും ഇ‍ൗ വളണ്ടിയർമാരെ തെരഞ്ഞെടുക്കുക. ആദ്യം ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. സെമിനാറുകളിലും വെബിനാറുകളിലും പങ്കെടുത്ത ശേഷം, 15 മിനിറ്റ് പരീക്ഷയിൽ വിജയിക്കുന്നവരെയാകും വളണ്ടിയർമാരാക്കുക. അവർക്ക്‌ ഔദ്യോഗിക സർട്ടിഫിക്കറ്റ് നൽകും.

തദ്ദേശഭരണ വകുപ്പാണ്‌ ഇ‍ൗ പദ്ധതിയുടെ നോഡൽ ഏജൻസി. മറ്റ് സർക്കാർ വകുപ്പുകളെയും ബാഹ്യ പങ്കാളികളെയും ആവശ്യാനുസരണം ഉൾപ്പെടുത്താവുന്നതാണ്. പദ്ധതിക്കായി സംസ്ഥാന പ്ലാൻ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ പ്രാരംഭ തുകയായി വകയിരുത്തും.


ഫാക്‌ട്‌ ചെക്കിംഗിന്‌ ‘ ട്രൂത്ത്‌’

സമൂഹ മാധ്യമങ്ങളിലും മറ്റും വരുന്ന വ്യാജ വാർത്തകൾ പൊളിച്ചടുക്കാൻ

‘ട്രൂത്ത്’ (Teaching Responsible Use of Technology for Honesty –TRUTH എന്ന പദ്ധതിയുമായി തദ്ദേശഭരണ വകുപ്പ്‌. തെറ്റായ വാർത്തകൾ തിരിച്ചറിയാൻ പൊതുജനങ്ങളെ പരിശീലിപ്പിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഫാക്‌ട്‌ ചെക്കിംഗ്‌ വെബ്‌സൈറ്റുകൾ,‍ ആപ്പുകൾ, വിശ്വാസനീയമായ വാർത്താ ഉറവിടങ്ങൾ എന്നിവ ഉപയോഗിക്കുന്നതിലാകും പരിശീലനം നൽകുക. വിവരങ്ങളുടെ വിശ്വാസ്യത തിരിച്ചറിയാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്‌ തടയാനും ഇതുവഴി സാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home