"ഒരുകഴിവും ഇല്ലാത്തവൻ, പോകുന്നെങ്കിൽ പോകട്ടെ"; അവഗണന തുറന്നുപറഞ്ഞ കൊടിക്കുന്നിലിനെതിരെ അധിക്ഷേപം

കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം : പിന്നാക്ക ജനവിഭാഗങ്ങളോട് കോൺഗ്രസ് തുടരുന്ന അവഗണന തുറന്നുപറഞ്ഞ മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷിനെതിരെ അധിക്ഷേപവുമായി കോൺഗ്രസ് സൈബർസേന. കെപിസിസിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പാർശ്വവൽകൃതരെ പാർടി തഴയുകയാണെന്ന് കൊടിക്കുന്നിൽ തുറന്നടിച്ചത്. കൊടിക്കുന്നിലിന്റെ വിമർശനത്തോട് വേദിയിലുണ്ടായിരുന്ന നേതാക്കളൊന്നും പ്രതികരിച്ചില്ല. എന്നാൽ പിന്നാലെ സോഷ്യൽമീഡിയയിലൂടെ കോൺഗ്രസിന്റെ സൈബർ അനുയായികൾ കൊടിക്കുന്നിലിനെതിരെ അധിക്ഷേപം തുടങ്ങി.

നിരവധി തവണ പാർടി ടിക്കറ്റിൽ മത്സരിക്കുകയും ഉയർന്ന സ്ഥാനമാനങ്ങൾ നേടുകയും ചെയ്ത കൊടിക്കുന്നിലിന് അധികാരത്തോട് ആർത്തിയാണെന്ന് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ് സൈബർസേന. ജാതി പറഞ്ഞ് തരംതിരിവ് കാണിക്കുന്നു, ഒരുകഴിവും ഇല്ലാത്ത അധികാരമോഹി, പാർടിയിൽ നിന്ന് പോകുന്നെങ്കിൽ പോകട്ടെ, തുടങ്ങി വ്യക്തിഅധിക്ഷേപം വരെ തുടരുന്നു.

അതേസമയം, തുടർച്ചയായി മത്സരിച്ച ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ തുടങ്ങിയ മറ്റ് നേതാക്കൾക്കില്ലാത്ത എന്ത് അയോഗ്യതയാണ് കൊടിക്കുന്നിലിനുള്ളതെന്ന് മറുഭാഗം ചോദിക്കുന്നു. സാമുദായിക സമ്മർദത്തിന് വഴങ്ങി കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കാം, കൊടിക്കുന്നിലിന് ജാതിയുടെ പേരിലുള്ള അവഗണ തുറന്നുപറയാൻ പാടില്ല എന്നത് ഇരട്ടത്താപ്പാണെന്നും ചർച്ചയുണ്ട്.

കോൺഗ്രസിൽ നേരിടുന്ന അവഗണന മുൻപും പലതവണ കൊടിക്കുന്നിൽ സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തവണ മത്സരിച്ചതിന് തന്നെ മാത്രമാണ് വേട്ടയാടുന്നതെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു.









0 comments