സൈബർ അധിക്ഷേപം: കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണനും ഷാജഹാനും നോട്ടീസ്; ഇന്ന് ഹാജരാകണം

സി കെ ഗോപാലകൃഷ്ണൻ, കെ എം ഷാജഹാൻ
കൊച്ചി: സിപിഐ എം നേതാക്കൾക്കെതിരെ അധിക്ഷേപ പ്രചാരണം നടത്തിയെന്ന കേസിൽ പറവൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും യൂടൂബർ കെ എം ഷാജഹാനും അന്വേഷക സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ്. എറണാകുളം റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച ഹാജരാകണമെന്നാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ഇരുവരുടെയും വീടുകളിൽ പരിശോധന നടത്തിയിരുന്നു.
സിപിഐ എം പറവൂർ ഏരിയകമ്മിറ്റി അംഗം കെ ജെ ഷൈനിനെതിരെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പ്രചാരണം നടത്തിയതിൽ കേസെടുത്തതിന് പിന്നാലെ ഗോപാലകൃഷ്ണനും ഷാജഹാനും ഒളിവിലാണ്. ഗോപാലകൃഷ്ണന്റെ കെടാമംഗലത്തുള്ള വീട്ടിൽ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തിരുന്നു, ഈ ഫോണിൽനിന്നാണോ കെ ജെ ഷൈനിനെതിരായ പോസ്റ്റ് ഇട്ടതെന്ന് പരിശോധിക്കും. സൈബര്‍ ഫോറൻസിക് സംഘത്തിന് ഫോൺ കൈമാറി. സ്ത്രീത്വത്തെ അപമാനിച്ചതിനുപുറമെ ഐടി ആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ‘കൊണ്ടോട്ടി അബു’ എന്ന -ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ഉടമ യാസറിനെയും പ്രതിചേർത്തു.
ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷകസംഘം. വ്യാജവും അധിക്ഷേപകരവുമായ പ്രചാരണം നടത്തിയ നൂറിലധികം പ്രൊഫൈലുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങൾ തേടി എറണാകുളം റൂറൽ സൈബർ പൊലീസ് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനം മെറ്റയ്ക്ക് കത്ത് നൽകിയിരുന്നു.









0 comments