Deshabhimani

അറിയാം, ആശയങ്ങൾ; 
കാണാം, കണ്ടുപിടിത്തങ്ങൾ

cusat conclave

കേരള ഡിജിറ്റൽ സർവകലാശാല രൂപകൽപ്പന ചെയ്‌ത ഓട്ടോ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഉപകരണത്തിന്റെ പ്രവർത്തനം വിശദീകരിക്കുന്നു

avatar
കെ പി വേണു

Published on Jan 15, 2025, 01:06 AM | 1 min read


കളമശേരി

ആശയങ്ങളുടെ ചിറകിലേറിയുള്ള യാത്രകൾ കണ്ടുപിടിത്തമായി മാറിയ മാജിക്‌ കാണാം, ഉന്നതവിദ്യാഭ്യാസ കോൺക്ലേവിൽ. വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾ നിർമിച്ച ഉൽപ്പന്നങ്ങളും ഉപകരണങ്ങളും കേരളത്തിന്റെ അക്കാദമിക്‌ മികവ്‌ വിളിച്ചോതുന്നു.


പുതിയകാലത്തിന്റെ അത്ഭുത പദാർഥമായ ഗ്രഫീനിൽ അധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും. ഗ്രഫീൻ ആംപ്ലിഫയർ, ഗ്രഫീൻ തിൻ ഫിലിം ടച്ച് സ്ക്രീൻ, ഗ്രഫീൻ വാട്ടർഹീറ്റർ എന്നിവ ഡിജിറ്റൽ സർവകലാശാലയുടെ സ്റ്റാളിലുണ്ട്.


ഗ്രാവിറ്റിയിൽ പ്രവർത്തിക്കുന്ന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഉപകരണവുമുണ്ട്‌. പ്രസവസമയത്ത് സ്ത്രീശരീരത്തിൽനിന്ന്‌ നഷ്ടമാകുന്ന രക്തം ഇതുവഴി പുനരുപയോഗിക്കാം. ലക്ഷങ്ങൾ ചെലവുവരുന്ന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ചികിത്സ, കുറഞ്ഞ ചെലവിൽ സാധ്യമാകുകയും ചെയ്യും. ഡിജിറ്റൽ സർവകലാശാല ഗവേഷകരുടെ ഈ ഉൽപ്പന്നത്തിന് പേറ്റന്റ്‌ ലഭിച്ചിട്ടുണ്ട്.


വിദ്യാർഥികൾ നിർമിച്ച, അതീവസുരക്ഷ പ്രദാനം ചെയ്യുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ, സൈക്കിളുകൾ, ബൈക്കുകൾ, ആശുപത്രികളിൽ മരുന്നുവിതരണം സുഗമമാക്കുന്നതിനുള്ള മെഡിക്കൽ വെന്റിങ് മെഷീൻ, മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുന്നതിനുള്ള ഉപകരണം, സ്മാർട്ട് ട്രാഫിക് മാനേജ്മെന്റ് സംവിധാനം, മുറിവുകൾ ഉണക്കാൻ പ്രകൃതിയിൽനിന്ന്‌ സൃഷ്ടിക്കുന്ന മരുന്നുകൾ, സോളാർ അധിഷ്ഠിത കോക്കനട്ട് ഡൈനിങ് മെഷീൻ എന്നിവയ്ക്കുപുറമെ വിവിധ സ്റ്റാർട്ടപ് കമ്പനികളുടെ എക്സ്പോ, സർവകലാശാലകളിലെയും കോളേജുകളിലെയും വിവിധ കോഴ്സുകൾ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ എന്നിവയുമുണ്ട്‌.


കുസാറ്റിലെ വിവിധ വിഭാഗങ്ങൾ, എംജി, കേരള, കണ്ണൂർ, കാലടി, കാർഷിക സർവകലാശാലകൾ, സാങ്കേതിക സർവകലാശാല, കുഫോസ്, കേരള ഡിജിറ്റൽ സർവകലാശാല തുടങ്ങിയവയുടെയും വിവിധ കോളേജുകളുടെയും സ്റ്റാളുകളുമുണ്ട്. പ്രദർശനം ബുധൻ വൈകിട്ട് സമാപിക്കും.



deshabhimani section

Related News

0 comments
Sort by

Home