എൽഡിഎഫ് മൂന്നാം തവണയും കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടും: എം വി ഗോവിന്ദൻ

mv govindan
വെബ് ഡെസ്ക്

Published on Mar 03, 2025, 05:41 PM | 2 min read

കൊല്ലം: തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്താൻ സിപിഐ എമ്മിനെയും സർക്കാരിനെയും പ്രാപ്തമാക്കാനുള്ള ചർച്ചയും തീരുമാനങ്ങളും മാർച്ച് ആറ് മുതൽ ഒൻപത് വരെ നടക്കുന്ന പാർടി സംസ്ഥാന സമ്മേളനത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.


എൽഡിഎഫ് മൂന്നാം തവണയും വരും. കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടും. വികസിത- അർധ വികസിത രാജ്യങ്ങളിലെ ജനജീവിത നിലവാരത്തിലേയ്ക്ക് കേരളത്തെ ഉയർത്തലാണ് ലക്ഷ്യം. അഖിലേന്ത്യാടിസ്ഥാനത്തിൽ വിപുലമായ ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിനും കരുത്തേകുന്ന സമ്മേളനമായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്ത് അപകടകരമായ നിലയിൽ രൂപപ്പെട്ടു വരുന്ന ഫാസിസ്റ്റ് ഭരണക്രമ പ്രവണതകളെ ചെറുക്കാനും അതിവിപുലമായ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്താനും കോർപറേറ്റ് വർഗീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താനും സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് പരിപാടി തയ്യാറാക്കും. ഇതിന് മുന്നോടിയായാണ് സംസ്ഥാന സമ്മേളനം.


കഴിഞ്ഞ സംസ്ഥാന സമ്മേളനത്തെ അപേക്ഷിച്ച് അംഗങ്ങളുടെ എണ്ണത്തിൽ 37, 517 പേരുടെ വർധന ഉണ്ടായി. പാർടി അംഗത്വത്തിൻ്റെ സംഘടനാപരമായും രാഷ്ട്രീയമായുമുള്ള കരുത്ത് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. തെറ്റുതിരുത്തൽ പ്രക്രിയ മുന്നോട്ടു നീക്കും. ബ്രാഞ്ചുകളുടെ എണ്ണം 38,426 ആയി. 3247 ആണ് വർധന. 2414 ലോക്കൽ കമ്മിറ്റിക്കും 210 ഏരിയാ കമ്മിറ്റികളുമുണ്ട്. 2597 വനിതകൾ ബ്രാഞ്ച് സെക്രട്ടറിമാരായി പ്രവർത്തിക്കുന്നു. 40 ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും മൂന്ന് ഏരിയാക്കമ്മിറ്റി സെക്രട്ടറിമാരും വനിതകളാണ്.


ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൻ്റെ രാഷ്ട്രീയ, സംഘടന റിപ്പോർട്ട് നടപ്പാക്കിയതിൻ്റെ വിലയിരുത്തൽ ഉണ്ടാകും. സംസ്ഥാനത്ത് പാർടിയുടെ ജനപിന്തുണ 50 ശതമാനത്തിലേറെയായി ഉയർത്തണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വലതുപക്ഷത്തിൻ്റെ ഐക്യമുന്നണി പ്രവർത്തിക്കുന്നു. സംസ്ഥാനത്ത് ലഹരിമരുന്നിൻ്റെ വിൽപനയും ഉപയോഗവും വർധിക്കുന്നുണ്ട്. ലഹരിമരുന്നിനെതിരെ ജനകീയ മുന്നേറ്റം ഉണ്ടാകണം. റാഗിങ്ങിനെതിരെ ജനകീയ പ്രസ്ഥാനം വളരണം. സ്ത്രീ സൗഹൃദ സമൂഹത്തിനായുള്ള പ്രവർത്തനങ്ങൾ തുടരണം.


കേന്ദ്രം ആഴക്കടൽ ലോകത്തെ ഏറ്റവും വലിയ കുത്തക മുതലാളിമാർക്ക് നൽകുകയാണ്. സിപിഐ എം ഇതിനെ തുടക്കം മുതൽ എതിർത്തുവരികയാണ്. സംസ്ഥാന സർക്കാരും എതിരാണ്. സിൽവർ ലൈൻ കേന്ദ്രം അനുമതി നൽകണം. സംസ്ഥാന കമ്മിറ്റി അംഗസംഖ്യ വർധിപ്പിക്കില്ല. പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കും.


അഞ്ചിന് വൈകിട്ട് പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും. ആറിന് രാവിലെ പാർടി പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. 486 പ്രതിനിധികളും, 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേർ സമ്മേളനത്തിൽ പങ്കെടുക്കും. ഇതിൽ 75 പേർ വനിതകളാണ്.




deshabhimani section

Related News

View More
0 comments
Sort by

Home