ദേശീയ പണിമുടക്കിന് ഐക്യദാർഢ്യവുമായി സിപിഐ എം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ, കർഷകദ്രോഹ നയങ്ങൾക്കെതിരെ ബുധനാഴ്‌ച നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐ എം. കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളുമാണ് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ചൊവ്വ രാത്രി 12 മുതൽ ബുധൻ രാത്രി 12വരെ 24 മണിക്കൂറാണ് പണിമുടക്ക്.
തൊഴിലാളികള്‍ക്കെതിരായ പുതിയ തൊഴില്‍ച്ചട്ടങ്ങള്‍ പിന്‍വലിക്കുക, തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, പൊതുമേഖല വിറ്റുതുലയ്‌ക്കുന്നത് അവസാനിപ്പിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക, വില നിലവാരത്തിന് അനുസരിച്ച് വേതനം കൂട്ടുക, നിശ്ചിതകാലത്തേക്ക് മാത്രമുള്ള നിയമനം നിര്‍ത്തുക, വിവിധ വകുപ്പുകളില്‍ കുന്നുകൂടുന്ന ഒഴിവുകള്‍ നികത്തുക തുടങ്ങി സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയ സമീപനങ്ങളുടെ ഫലമായി ജനങ്ങളാകെ അനുഭവിക്കുന്ന കൊടിയ കഷ്ടപ്പാടുകള്‍ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ചൊവ്വ അര്‍ധരാത്രി മുതല്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് വന്‍ വിജയമാക്കണമെന്ന് സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമെല്ലാം പിന്തുണ പ്രഖ്യാപിച്ചുക്കൊണ്ട് നടത്തുന്നതാണ് ഈ പ്രക്ഷോഭം. ബിജെപി സര്‍ക്കാര്‍ വന്ന ശേഷം കാര്‍ഷിക, തൊഴില്‍ മേഖലകളില്‍ തെറ്റായ നിരവധി പരിഷ്‌കാരങ്ങളാണ് വരുത്തിയിട്ടുള്ളത്. രാജ്യത്തെ സാധാരണക്കാരെ കൊടിയ ചൂഷണത്തിന് വിട്ടുകൊടുക്കുകയും കോര്‍പറേറ്റുകള്‍ക്ക് യഥേഷ്ടം കൊള്ളയടിക്കാനുള്ള പാത ഒരുക്കികൊടുക്കുകയാണ്. രാജ്യത്ത് തൊഴിലാളികളും കര്‍ഷകരും നീണ്ടകാലത്തെ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത നേട്ടങ്ങളെ പോലും കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്.
11 മാസം മുന്‍പ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്ത് നല്‍കിയെങ്കിലും തിരിഞ്ഞുനോക്കാന്‍ കേന്ദ്രം കൂട്ടാക്കിയിട്ടില്ല. ജനദ്രോഹ നിലപാട് തുടരു മെന്ന ഭീഷണിയാണ് കേന്ദ്രം ഉയര്‍ത്തുന്നത്. ഈ നയം തിരുത്തിയില്ലെങ്കില്‍ വലിയ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുകൂടിയാണ് ഈ പണിമുടക്ക്.
കേരളത്തിന് അര്‍ഹമായ വിഹിതം നിഷേധിച്ചും സാമ്പത്തികമായി ഉപരോധമേര്‍പ്പെടുത്തിയും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം നമ്മുടെ മുന്നേറ്റത്തെ തല്ലിത്തകര്‍ക്കുന്നവിധം ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തുകയുമാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പാര്‍ടിയെയും സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുകയാണെന്നും പ്രസ്‌താവനയില്‍ പറയുന്നു.









0 comments