ലഹരിവിരുദ്ധ ക്യാമ്പയിൻ വിജയിപ്പിക്കുക : സിപിഐ എം

തിരുവനന്തപുരം
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരിവിരുദ്ധ പ്രചാരണം വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കൂടുതൽ വിപുലമായ പ്രചാരണത്തിലേക്ക് കടക്കുകയാണ്. പാർടി പ്രവർത്തകരും അനുഭാവികളും മാത്രമല്ല നാടിനെ സ്‌നേഹിക്കുന്ന എല്ലാവരും ഇതിൽ പങ്കാളികളാകണം, ലഹരിവിരുദ്ധ ജാഗ്രത പുലർത്തണം.
ലഹരിമാഫിയയെ അമർച്ചചെയ്യാൻ ശക്തമായ നടപടികളാണ് പൊലീസും എക്‌സൈസും സ്വീകരിക്കുന്നത്. കോടികണക്കിനു രൂപയുടെ ലഹരിവസ്‌തുക്കൾ പിടികൂടി. അന്താരാഷ്‌ട്ര ബന്ധമുള്ള കുറ്റവാളികളെയടക്കം നിരവധിപേരെ അറസ്‌റ്റുചെയ്‌തു. ലഹരിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ.
എന്നാൽ ലഹരിക്കെതിരെ ഗൗരവത്തോടെയുള്ള ബോധവൽക്കരണം ഉണ്ടെങ്കിലേ അതിന്റെ വ്യാപനം തടയാനാകു. വിവിധ വിഭാഗങ്ങളുടെ യോഗങ്ങളടക്കം വിളിച്ച് വിപുലമായ ഒരുക്കമാണ് സർക്കാർ നടത്തിയിട്ടുള്ളത്. മതവിഭാഗങ്ങളിൽപ്പെട്ടവർ ഒത്തുചേരുന്ന വേളയിൽ ലഹരി സന്ദേശങ്ങൾ വായിക്കാനും മറ്റും മുഖ്യമന്ത്രി വിളിച്ചയോഗത്തിൽ തീരുമാനിച്ചിരുന്നു.
ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ലെന്ന സർക്കാർ തീരുമാനം നടപ്പാക്കാൻ സമൂഹത്തിൽ വിവിധ തുറകളിലുള്ളവരുടെ പിന്തുണയും സഹായവും ആവശ്യമാണ്. ലഹരിക്ക് അടിമയായവർക്ക് അതിൽനിന്ന് മോചിതരാകാൻ മാനസിക പിന്തുണയും സമൂഹം നൽകേണ്ടതുണ്ട്–- സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ അഭ്യർഥിച്ചു.








0 comments