സ്‌പെയ്‌സ് മെഡിസിനില്‍ സഹകരണം: ഐഎസ്ആർഒയും ശ്രീചിത്രയും ധാരണപത്രത്തില്‍ ഒപ്പിട്ടു

ശ്രീചിത്ര ഡയറക്ടര്‍ ഡോ സഞ്ജയ് ബിഹാരിയും ഐഎസ്ആര്‍ഒ സയന്റിഫിക് സെക്രട്ടറി ഗണേഷ് പിള്ളയും സ്‌പെയ്‌സ് മെഡിസിന്‍ മേഖലയിലെ സഹകരണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചപ്പോൾ
തിരുവനന്തപുരം : സ്‌പെയ്‌സ് മെഡിസിന്‍ മേഖലയിലെ സഹകരണത്തിനായി ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ) ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആൻഡ് ടെക്‌നോളജിയും (എസ്‌സിടിഐഎംഎസ്ടി) പ്രാരംഭ ധാരണപത്രത്തില്‍ ഒപ്പുവച്ചു.
മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഇന്ത്യന്‍ പദ്ധതിയായ ഗഗൻയാന്‍ വഴി ഹ്യൂമണ്‍ ഹെല്‍ത്ത് റിസര്‍ച്ച്, മൈക്രോഗ്രാവിറ്റി റിസര്‍ച്ച്, സ്‌പെയ്‌സ് മെഡിസിന്‍, സ്‌പെയ്‌സ് ബയോളജി എന്നീ മേഖലകളില്‍ പുത്തൻ വാതായനങ്ങൾ തുറക്കുന്ന പദ്ധതി സ്പെയ്സ് മെഡിസിൻ രംഗത്ത് രാജ്യത്തിന് നിർണായക നാഴികക്കല്ലാകുമെന്ന് ശ്രീചിത്ര അധികൃതർ അറിയിച്ചു. ഇത് നാഷണല്‍ ഹ്യൂമന്‍ സ്‌പെയ്‌സ് പ്രോഗ്രാമിന് മുതല്‍ക്കൂട്ടാകും. ബഹിരാകാശത്തെ സാഹചര്യങ്ങളില്‍ മനുഷ്യന്റെ ആരോഗ്യവും പ്രവര്‍ത്തനവും മെച്ചപ്പെടുത്താനാവും. ടെലിമെഡിസിന്‍ ആൻഡ് കമ്യൂണിക്കേഷന്‍ പ്രോട്ടോക്കോളുകള്‍, ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള ക്രൂ മെഡിക്കല്‍ കിറ്റുകള്‍ എന്നിവയും വികസിപ്പിക്കാം.
ബഹിരാകാശത്തെ സാഹചര്യങ്ങളില്‍ ഹ്യൂമൻ റിസര്‍ച്ച് മേഖലയില്‍ രാജ്യത്തിന്റെ ശേഷി മെച്ചപ്പെടുത്താന്‍ ഗഗൻയാന്‍ ലക്ഷ്യമിടുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാനും കേന്ദ്ര ബഹിരാകാശവകുപ്പ് സെക്രട്ടറിയും സ്‌പെയ്‌സ് കമീഷന്‍ ചെയര്‍മാനുമായ ഡോ. വി നാരായണന്‍ പറഞ്ഞു. ശ്രീചിത്ര ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരിയും ഐഎസ്ആര്‍ഒ സയന്റിഫിക് സെക്രട്ടറി ഗണേഷ് പിള്ളയും ധാരണപത്രത്തില്‍ ഒപ്പിട്ടു.
കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും എഐ വിഭാഗം മേധാവിയുമായ ഡോ. സുനില്‍ കുമാര്‍, വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍, എല്‍പിഎസ്‌സി ഡയറക്ടര്‍ ഡോ. മോഹന്‍, എച്ച്എസ്എഫ്സി ഡയറക്ടര്‍ ഡോ. ദിനേശ് കുമാര്‍ സിങ്, തിരുവനന്തപുരം ഐഐഎസ്ടി ഡയറക്ടര്‍ ഡോ. ദീപാങ്കര്‍ ബാനര്‍ജി, ബംഗളൂരു ഐഎസ്ആര്‍ഒ ഹ്യൂമണ്‍ സ്‌പെയ്‌സ് പ്രോഗ്രാം ഡയറക്ടര്‍ ഹനമന്ത്രായ് ബലുറഗി, ശ്രീചിത്ര പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണന്‍, ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരി, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.









0 comments