വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ നടത്തിയ ഇടപെടൽ ഫലംകണ്ടു
ഓണവിപണിയിൽ റെക്കോഡ് ; 150 കോടി വിറ്റുവരവുമായി കണ്‍സ്യൂമര്‍ഫെഡ്

പി കെ സജിത്
Published on Sep 03, 2025, 03:04 AM | 1 min read
കോഴിക്കോട്
വിലക്കുറവിന്റെ ഓണക്കാലം സമ്മാനിച്ച് കൺസ്യൂമർഫെഡ്. കൺസ്യൂമർഫെഡ് വഴി തിങ്കളാഴ്‌ച വരെ 150 കോടി രൂപയുടെ റെക്കോഡ് വിൽപ്പനയുണ്ടായി. 1543 സഹകരണ സ്ഥാപനങ്ങളും കൺസ്യൂമർഫെഡും നടത്തിയ ഓണം സഹകരണ വിപണികളിലൂടെയും ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴിയുമാണ് ഈ നേട്ടം. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ ഓണക്കാലത്ത് സഹകരണവകുപ്പ് മുഖേന സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്ന് തെളിയിക്കുന്നു ഈ സൂപ്പർഹിറ്റ് വിൽപ്പന.
ഗ്രാമങ്ങളിൽ വരെ ഓണച്ചന്തകളൊരുക്കി വിലക്കുറവിൽ ഓണമൊരുക്കാനും വിലക്കയറ്റം പിടിച്ചുനിർത്താനും കഴിഞ്ഞു. 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ മറ്റു നിത്യോപയോഗ സാധനങ്ങൾകൂടി ലഭ്യമാക്കിയതോടെ ചന്തകൾ സജീവമായി. ഇതുവരെ 15 ലക്ഷം കുടുംബം ഓണച്ചന്തകളിലും ത്രിവേണികളിലുമെത്തി.
പൊതുവിപണിയിലും കുറഞ്ഞ നിരക്കിൽ മറ്റു സാധനങ്ങൾകൂടി കിട്ടിയത് ജനങ്ങൾക്ക് വലിയ ആശ്വാസമായി. മിൽമ, റെയ്‌ഡ്‌കോ, കേരള ദിനേശ് തുടങ്ങി വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും ലഭ്യമാക്കി. അരി ഉൾപ്പെടെ 13 ഇനങ്ങളാണ് സബ്‌സിഡി നിരക്കിലുള്ളത്. ജയ അരിക്ക് മാർക്കറ്റിൽ 45രൂപ വരെയുള്ളപ്പോൾ 33 രൂപയ്ക്കാണ് നൽകിയത്. 45 രൂപയുള്ള പഞ്ചസാര 34.65 രൂപയ്‌ക്കും.
ഓണം കഴിയുമ്പോൾ വിറ്റുവരവ് 200 കോടി രൂപ കവിയും. സാധാരണക്കാർക്കും പാവങ്ങൾക്കും കൈത്താങ്ങായി നിലകൊള്ളുകയെന്ന സഹകരണ മേഖലയുടെ ഉത്തരവാദിത്വത്തിലൂന്നിയുള്ള വിപണി ഇടപെടലുകളായി ഓണം സഹകരണ വിപണികൾ മാറിയെന്ന് കൺസ്യൂമർഫൈഡ് മാനേജിങ് ഡയറക്ടർ ആർ ശിവകുമാർ പറഞ്ഞു.









0 comments