സഹകരണ കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് തുടക്കം

കൺസ്യൂമർ ഫെഡ് ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കറിസ്റ്റാൾ സന്ദർശിക്കുന്നു. മന്ത്രി വി എൻ വാസവൻ, ആന്റണി രാജു എംഎൽഎ, കൺസ്യൂമർ ഫെഡ് ചെയർമാൻ പി എം ഇസ്മായിൽ, മന്ത്രി വി ശിവൻകുട്ടി തുടങ്ങിയവർ സമീപം
തിരുവനന്തപുരം
ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ചുനിർത്തി അവശ്യസാധനങ്ങൾ വിലക്കുറവിൽ നൽകുന്ന സഹകരണ കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾക്ക് തുടക്കം. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഉദ്‌ഘാടനം നിർവഹിച്ചു. 1800 കേന്ദ്രങ്ങളിലൂടെയാണ് വിൽപ്പന. സെപ്‌തംബർ നാലിന് സമാപിക്കും.
ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനംവരെ വിലക്കുറവിൽ ലഭിക്കും. വിവിധ സഹകരണ സംഘങ്ങൾ കേരകർഷകരിൽനിന്ന് നേരിട്ട് കൊപ്ര ശേഖരിച്ച് ഉൽപാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ് ജനങ്ങളിലേക്കെത്തുന്നത്.
ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും വിലക്കുറവിൽ ലഭിക്കും. സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള ഏജൻസി പരിശോധിച്ച് ഉറപ്പാക്കിയാണ് വിപണനത്തിന് എത്തിയത്. ഒരുദിവസം 75 പേർക്ക് വിതരണം ചെയ്യും. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേനെ നിയന്ത്രണവിധേയമായാണ് വിതരണം.
തിരുവനന്തപുരം 160, കൊല്ലം 167, പത്തനംതിട്ട 107, ആലപ്പുഴ 118, കോട്ടയം 114, ഇടുക്കി 84, എറണാകുളം 173, തൃശൂർ 168, പാലക്കാട് 100, മലപ്പുറം 126, കോഴിക്കോട് 170, വയനാട് 22, കണ്ണൂർ 145, കാസർകോട് 85 എന്നിങ്ങനെയാണ് ചന്തകൾ പ്രവർത്തിക്കുക.










0 comments