11,000 രൂപയുടെ ഫോൺ വാറന്റി കാലയളവിൽ കേടായി; മാറ്റി നൽകാതിരുന്നതിന് 15,000 രൂപ നഷ്ടപരിഹാരം നൽകണം

Mobile Phone

Image: Gemini AI

വെബ് ഡെസ്ക്

Published on Aug 07, 2025, 07:44 PM | 1 min read

കൊച്ചി : വാറന്റി കാലയളവിൽ തകരാറിലായ മൊബൈൽ ഫോൺ മാറ്റി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നതിന് പഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം,മുളന്തുരുത്തി സ്വദേശി സണ്ണി എം. ഐപ്പ് സമർപ്പിച്ച പരാതിയിലാണ് ഡി ബി ബിനു അധ്യക്ഷനും മെമ്പർമാരായ വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്.


2020 മെയ് മാസത്തിൽ പരാതിക്കാരൻ, എറണാകുളം പെന്റാ മേനകയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്ന് 11,000 രൂപയ്ക്ക് 'എംഫോൺ 7 പ്ലസ്' എന്ന മോഡൽ മൊബൈൽ ഫോൺ വാങ്ങി. സാങ്കേതിക പരിജ്ഞാനം കുറവായിരുന്ന പരാതിക്കാരൻ, കടയുടമയുടെ ഉറപ്പിലും ശുപാർശയിലും വിശ്വസിച്ചാണ് ഫോൺ വാങ്ങിയത് എന്ന് പരാതിയിൽ പറയുന്നു. ഒരു വർഷത്തെ വാറന്റിയാണ് ഫോണിനുണ്ടായിരുന്നത്.


വാങ്ങി അഞ്ച് മാസത്തിനകം ഫോൺ പ്രവർത്തനരഹിതമായി. തുടർന്ന് പരാതിക്കാരൻ ഫോൺ വാങ്ങിയ സ്ഥാപനത്തെ സമീപിച്ചപ്പോൾ, അംഗീകൃത സർവീസ് സെന്ററായ മറൈൻ ഡ്രൈവിലെ സ്പീഡ് സർവീസ് & റിപ്പയറിംഗ് എന്ന സ്ഥാപനത്തെ സമീപിക്കാൻ നിർദ്ദേശിച്ചു. 2020 ഡിസംബറിൽ ഫോണിന് നിർമാണ തകരാറുണ്ടെന്നും നന്നാക്കാൻ കഴിയില്ലെന്നും സർവീസ് സെന്റർ അറിയിച്ചു.


വാറന്റി കാലയളവിനുള്ളിൽ തകരാറിലായ ഉൽപ്പന്നത്തിന് പരിഹാരം നൽകുന്നതിൽ എതിർകക്ഷികൾ പരാജയപ്പെട്ടുവെന്ന് കമ്മീഷൻ കണ്ടെത്തി.

ഫോണിന് നിർമാണ തകരാറുണ്ടെന്ന് പരാതിക്കാരൻ വാദിച്ചെങ്കിലും, അത് തെളിയിക്കാൻ സാങ്കേതിക വിദഗ്ദ്ധന്റെ റിപ്പോർട്ട് ഹാജരാക്കിയില്ല. എന്നിരുന്നാലും, ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ (ബിൽ, സർവീസ് റിപ്പോർട്ട്), സേവനത്തിൽ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.


എതിർകക്ഷികളുടെ ഭാഗത്ത് നിന്ന് പരാതിക്കാരന് ഉണ്ടായ മാനസിക വ്യഥയ്ക്കും സാമ്പത്തിക നഷ്ടത്തിനും പകരമായി 10,000 രൂപ നഷ്ടപരിഹാരവും, കോടതിച്ചെലവായി 5,000 രൂപയും 45 ദിവസത്തിനകം നൽകണമെന്ന് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി.


സാങ്കേതിക പരിജ്ഞാനമില്ലാതെ വിൽപ്പനക്കാരന്റെ ഉറപ്പിൽ വിശ്വസിച്ച് ഉൽപ്പന്നം വാങ്ങുന്ന ഉപഭോക്താവിനെ കബളിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഉപഭോക്താവിന് നീതിയുക്തമായ പരിഹാരം നൽകുന്നതിൽ എതിർകക്ഷികൾ പരാജയപ്പെട്ടത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാരനു വേണ്ടി അഡ്വ. ജെ സൂര്യ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Home